Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമഴക്കെടുതിയിൽ ഉത്തരേന്ത്യയിൽ പരക്കെ നാശനഷ്ടം

മഴക്കെടുതിയിൽ ഉത്തരേന്ത്യയിൽ പരക്കെ നാശനഷ്ടം

ന്യൂഡൽഹി: മഴക്കെടുതിയിൽ ഉത്തരേന്ത്യയിൽ പരക്കെ നാശനഷ്ടം. മഴക്കെടുതിയിൽ മരണം 34 ആയി. ഹിമാചലിൽ 11 പേർ മരിച്ചു. യുപിയിൽ എട്ട് പേർക്കും ഉത്തരാഖണ്ഡിൽ ആറ് പേർക്കും ഡൽഹിയിൽ മൂന്ന് പേർക്കും ജീവൻ നഷ്ടമായി. ജമ്മു കശ്മീർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ രണ്ടു പേർ വീതം മരിച്ചു. മഴ തുടരുന്ന രാജസ്ഥാനിൽ കഴിഞ്ഞ ദിവസം നാല് മരണം റിപ്പോർട്ട് ചെയ്തിരുന്നു.

രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ ജൂലൈ ആദ്യത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നു. ഇത്തവണ 243.2 മില്ലി മീറ്റർ മഴ ലഭിച്ചിട്ടുണ്ട്. ഇത് സാധാരണയായി ലഭിക്കുന്ന 239.1 മില്ലി മീറ്റർ മഴയിൽ നിന്ന് രണ്ട് ശതമാനം കൂടുതലാണെന്ന് കാലാവസ്ഥ കേന്ദ്രം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. മഴയെ തുടർന്ന് നോർത്തേൺ റെയിൽവേ 17 ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ വഴി തിരിച്ച് വിട്ടു. മണ്ണിടിച്ചിലിനെത്തുടർന്ന് അഞ്ച് ദേശീയ പാതകളും 736 റോഡുകളും അടച്ചു. മണാലി-ലേ, ചണ്ഡീഗഡ്-മണാലി ദേശീയ പാതകളും അടച്ചവയിൽ ഉൾപ്പെടും

കനത്ത മഴയിൽ ഉത്തരേന്ത്യയിൽ പല ഭാഗങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. നഗരങ്ങളിലും പട്ടണങ്ങളിലും നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിലാണ്. ജൂൺ അവസാനത്തോടെ രാജ്യത്തുടനീളം 148.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇത് സാധാരണ മഴയേക്കാൾ പത്ത് ശതമാനം കുറവാണ്.

ഡൽഹിയിൽ സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യമുന നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് ഒരു ലക്ഷം ക്യുസെക്സിൽ വെളളം തുറന്നുവിട്ടതിന് പിന്നാലെയാണ് പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് 1,05,453 ക്യുസെക്‌സ് വെള്ളം യമുന നദിയിലേക്ക് ഒഴുക്കിയതെന്ന് ഡല്‍ഹി ജലസേചന-പ്രളയനിവാരണ വകുപ്പ് വ്യക്തമാക്കി.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നായിരുന്നു അണക്കെട്ട് തുറന്നത്. സാധാരണനിലയില്‍ 352 ക്യുസെക്‌സ് വെള്ളമാണ് അണക്കെട്ടില്‍ നിന്ന് നദിയിലേക്ക് തുറന്നു വിടുന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 11-ഓടെ യമുന നദിയിലെ ജലനിരപ്പ് അപകട സൂചികയായ 205.33 മീറ്റര്‍ കടന്നേക്കുമെന്നാണ് സൂചന. നദീതീരത്തുള്ളവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ എട്ടു മണി വരെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് 2.79 ലക്ഷം ക്യുസെക്സ് വെളളമാണ് പുറത്തേക്ക് ഒഴുക്കിയത്. മഴ തുടരുന്ന സാഹചര്യത്തിൽ വെളളത്തിന്റെ ഒഴുക്ക് നിരീക്ഷിച്ച് വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി പറഞ്ഞു. സ്ഥിതി​ഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് അവലോകന യോ​ഗം വിളിച്ചിട്ടുണ്ട്.

ഡൽഹിയെ കൂടാതെ ഹിമാചൽപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഇന്നും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ, പഞ്ചാബ് എന്നിവി‌ടങ്ങളിലും ര‌ണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments