തിരുവനന്തപുരം: ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിനെതിരെ പ്രതിഷേധവുമായി സിപിഐ. സെമിനാറിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കില്ല. ഇ.കെ.വിജയൻ എംഎൽഎയായിരിക്കും സെമിനാറിൽ പങ്കെടുക്കുക. ദേശീയ കൗൺസിൽ ചേരുന്നതിനാലാണ് പ്രമുഖ നേതാക്കൾ പങ്കെടുക്കാത്തതെന്നാണ് നേതൃത്വം പറയന്നത്. യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ട്. എൽഡിഎഫിനെ നയിക്കുന്ന പാർട്ടി എന്തിനാണ് ലീഗിനെ ക്ഷണിക്കുന്നതെന്നാണ് സിപിഐ നേതൃത്വം ചോദിക്കുന്നത്.
ഏകവ്യക്തി നിയമത്തിനെതിരെ തിടുക്കപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും നേതൃത്വത്തിന് വിയോജിപ്പുണ്ട്. കരട് നിയമംപോലും ആകാത്ത സാഹചര്യത്തിൽ വലിയ പ്രതിഷേധങ്ങൾ ഈ ഘട്ടത്തിൽ വേണോ എന്നും നേതൃത്വം ചോദിക്കുന്നു. ലീഗ് ക്ഷണം തള്ളിയതോടെ ആലോചനയില്ലാത്ത നീക്കം തിരിച്ചടിയായെന്നാണ് സിപിഐ വിലയിരുത്തൽ. ഏക വ്യക്തി നിയമത്തെ എതിർക്കുന്നതോടൊപ്പം സ്ത്രീകളെ ബാധിക്കുന്ന നിയമങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന തരത്തിലുള്ള ചർച്ചകളാണ് സിപിഐയിൽ നടക്കുന്നത്.
വ്യക്തി നിയമങ്ങളില്‍ മാറ്റം വേണമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ലോകത്തെമ്പാടും മതങ്ങളിൽനിന്ന് വിവിധ ചിന്തകൾ ഉയർന്നു വരുന്നുണ്ട്. നവീനമായ ചിന്തകൾ ശക്തിപ്പെടുന്നു. അത്തരം ചിന്തകളെ പാപമായി കരുതരുത്. സ്ത്രീകളുടെ അവകാശ ബോധങ്ങൾ ഉയർന്നു വരുന്നു. ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ പുതിയ കാലത്തും പറയാൻ മതങ്ങൾക്ക് കഴിയില്ല. നവീന ആശയങ്ങളെ മതങ്ങൾ ഉൾകൊള്ളണം. അല്ലെങ്കിൽ മത ഭ്രാന്തൻമാർ രൂപപ്പെടും. എല്ലാ മതങ്ങളെയും ഇത് ബാധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു