ഗുവാഹത്തി: മിസോറാം ബിജെപി ഉപാധ്യക്ഷന്‍ ആര്‍ വന്റാംചുവാംഗ രാജിവെച്ചു. മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് രാജി. ബിജെപിയുടെ പിന്തുണയോടെയാണ് പള്ളികള്‍ക്കെതിരായ ആക്രമണമെന്ന് ആര്‍ വന്റാംചുവാംഗ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.
മെയ് 3 മുതല്‍ മണിപ്പൂരില്‍ ഉടനീളം 357 ഓളം പള്ളികള്‍ ചാരമാക്കിയെന്നും രാജി കത്തില്‍ സൂചിപ്പിക്കുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. വിഷയത്തില്‍ അപലപിക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു.
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇരകളായ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ഷാ മൂന്ന് ദിവസം കലാപ ബാധിത പ്രദേശങ്ങളില്‍ എത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ മണിപ്പൂരില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണ്. 2011 ലെ സെന്‍സസ് പ്രകാരം മണിപ്പൂരിലെ ആകെ ജനസംഖ്യയുടെ 41.29 ശതമാനം ക്രിസ്ത്യാനികളാണ്. സംഘര്‍ഷം ഉണ്ടായില്ലെങ്കില്‍ മണിപ്പൂരിലെ ആകെ 40 സീറ്റില്‍ അഞ്ച് മുതല്‍ ഏഴ് സീറ്റില്‍ വരെ വിജയ സാധ്യത ഉണ്ടായിരുന്നെങ്കില്‍ ഇനി അത് പൂജ്യത്തില്‍ ഒതുങ്ങുമെന്നും വന്റാംചുവാംഗ പറഞ്ഞു.