തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം, അലങ്കരിച്ച ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് എത്തിച്ചത്. നൂറ് കണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വിലാപയാത്രയായി സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോയി.
ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് സെക്രട്ടേറിയേറ്റ് ദർബാർ ഹാളിൽ പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകും. രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മൻചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് മൃതദേഹം മാറ്റും. തുടർന്ന് നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക.
കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായിരുന്ന ഉമ്മൻചാണ്ടി ഇന്ന് പുലർച്ചെ ബെംഗളൂരുവിലാണ് അന്ത്യശ്വാസം വലിച്ചത്. അർബുദ രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു മരണം. 79 വയസായിരുന്നു. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.