Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മന്‍ ചാണ്ടിയോട് മാപ്പുപറഞ്ഞ് ദേശാഭിമാനി മുന്‍ കണ്‍സല്‍ട്ടിങ് എഡിറ്റര്‍; 'ആ ലൈംഗിക ആരോപണം തെറ്റായിരുന്നു'; ഏറ്റുപറച്ചില്‍

ഉമ്മന്‍ ചാണ്ടിയോട് മാപ്പുപറഞ്ഞ് ദേശാഭിമാനി മുന്‍ കണ്‍സല്‍ട്ടിങ് എഡിറ്റര്‍; ‘ആ ലൈംഗിക ആരോപണം തെറ്റായിരുന്നു’; ഏറ്റുപറച്ചില്‍

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്കുനേരേ 2013ല്‍ ഉയർന്ന ലൈം​ഗികാരോപണം അടിസ്ഥാന രഹിതമായിരുന്നെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ കണ്‍സല്‍ട്ടിങ് എഡിറ്റർ എന്‍. മാധവൻകുട്ടി. ദേശാഭിമാനിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളില്‍ മനപൂര്‍വം മൌനം പാലിക്കേണ്ടി വന്നതായും മാധവൻകുട്ടി പറയുന്നു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മാധവന്‍കുട്ടിയുടെ ഏറ്റുപറച്ചില്‍

എന്‍.മാധവന്‍കുട്ടി ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്ററായിരിക്കുന്ന സമയത്താണ് സോളാർ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടിക്കു നേരേ ലൈം​ഗിക ആരോപണം ഉയരുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണമായിരുന്നെന്നും എന്നാല്‍ പത്രത്തിന്‍റെ താക്കോല്‍ സ്ഥാനത്തായിരുന്നതുകൊണ്ട് തന്നെ മൗനം പാലിക്കേണ്ടിവന്നെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അന്ന് നല്‍കിയ ആ അധാര്‍മ്മിക പിന്തുണയെക്കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നുവെന്നും മാധവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയമനസ്താപങ്ങളുണ്ട് എന്നുപറഞ്ഞാണ് മാധവൻകുട്ടി ഫേസ്ബുക് കുറിപ്പ് തുടങ്ങുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസിനിടിയിലെ സംഭവത്തെക്കുറിച്ചും മാധവന്‍കുട്ടി തന്‍റെ ഫേസ്ബുക് കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. ”ശൈലിമാറ്റം”, “ഐ.എസ്. ആര്‍.ഒ ചാരക്കേസ് ” തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയനീക്കങ്ങളെക്കുറിച്ച് ദേശാഭിമാനിയില്‍ എഴുതിയതും അതിന് പിന്നാലെ ഇന്ത്യന്‍ എക്സ്പ്രസ് കരുണാകരനെതിരെ ഏകപക്ഷീയമായ എഡിറ്റോറിയല്‍ എഴുതിയതുമെല്ലാം അധാര്‍മികമായിരുന്നെന്നും മാധവന്‍കുട്ടി തുറന്നുപറഞ്ഞു. അന്ന് ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു അദ്ദേഹം.

ഈ ഏറ്റുപറച്ചിലുകള്‍ നടത്താന്‍ ഉമ്മന്‍ചാണ്ടിയുടെ മരണംവരെ കാത്തിരുന്നു എന്നതിന് ക്ഷമിക്കുക എന്ന് പറഞ്ഞാണ് എന്‍.മാധവന്‍കുട്ടി തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments