Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിലാപ യാത്ര പുതുപ്പള്ളി പള്ളിയിലേക്ക്; അകമ്പടിയായി കണ്ണീരോടെ ജനസമുദ്രം

വിലാപ യാത്ര പുതുപ്പള്ളി പള്ളിയിലേക്ക്; അകമ്പടിയായി കണ്ണീരോടെ ജനസമുദ്രം

കോട്ടയം: ‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ’… തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലേക്ക്. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെ ആംബുലൻസിനൊപ്പം നടന്നു.  

ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ വിലാപ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.

അക്ഷര നഗരിയിൽ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് ഉമ്മൻചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളി ജംങ്ഷനിലെത്തിയത്. സംസ്കാര ചടങ്ങിൽ‌ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കുന്നു. കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കുന്നു. 

അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങൾ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്ക് എത്തി. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച്, 28 മണിക്കൂർ പിന്നിട്ടാണ് യാത്ര തിരുനക്കരയിൽ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറി. 

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.  വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാൻ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയിൽ കടന്നപ്പോൾ നിലമേലിൽ വൻജനക്കൂട്ടം വരവേറ്റു.
 കൊട്ടാരക്കരയിൽ ചൊവ്വാഴ്ച മുതൽ സർവമത പ്രാർഥനയുമായി കാത്തിരുന്ന നാട്ടുകാർ വിലാപയാത്രയെത്തിയപ്പോൾ വാഹനം പൊതിഞ്ഞു. പത്തനംതിട്ട ജില്ലയിൽ കടന്നത് രാത്രി ഒൻപതോടെ. 11.30ന് അടൂരിലും പുലർച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോൾ വാഹനങ്ങൾക്കു നീങ്ങാൻ കഴിയാത്ത വിധം ആ‍ൾക്കൂട്ടം. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോൾ ഉമ്മൻ ചാണ്ടിയെ അവസാനമായൊന്നു കാണാൻ ആളുകൾ തിരക്കുകൂട്ടി. തിരുവല്ലയിൽ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. കോട്ടയം ജില്ലയിലേക്കു കടന്നപ്പോൾ ജനസമുദ്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com