Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ; ചരിത്രമായി മാറുന്ന യാത്രാമൊഴി

പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ; ചരിത്രമായി മാറുന്ന യാത്രാമൊഴി

ഇങ്ങനെയൊരു വിലാപയാത്ര കേരളം കണ്ടിട്ടുണ്ടാവില്ല. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെടുമ്പോൾ കുടുംബാം​ഗങ്ങളോ കോൺ​ഗ്രസ് പ്രവർത്തകരോ കരുതിയിരുന്നില്ല വഴിനീളെ കാത്തിരിക്കുന്നത് പതിനായിരങ്ങളാണെന്ന്. ആൾക്കൂട്ടങ്ങളില്ലാതെ ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നില്ല. എപ്പോഴും ജനക്കൂട്ടത്തിനു നടുവിലായിരുന്നു ആ നേതാവ്. ജനങ്ങളുടെ ആവശ്യങ്ങൾ, പരാതികൾ, പരിദേവനങ്ങൾ എല്ലാം ആ ചെവികൾ കേട്ടു, മനസറിഞ്ഞ് പരിഹാരം കണ്ടു. അങ്ങനെ ചേർത്തുപിടിച്ച പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കാൻ കാണാൻ ആ ജനാവലി മണിക്കൂറുകളോളം വഴിയരികിൽ കാത്തുനിന്നു. സ്നേഹക്കടലായി എംസി റോഡ് മാറി. അന്ത്യയാത്രയിലും ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവ് ചരിത്രമെഴുതി.

ആ ജനക്കൂട്ടത്തെ ഉമ്മൻ ചാണ്ടി പ്രസം​ഗിച്ച് സ്വന്തമാക്കിയതായിരുന്നില്ല. വാക്കിലല്ല, പ്രവർത്തിയിലായിരുന്നു അദ്ദേഹം എപ്പോഴും വിശ്വസിച്ചത്. സഹായം തേടിയെത്തുന്ന ഒരാളോടും ആ മനുഷ്യൻ മറുത്തൊരു വാക്കു പറഞ്ഞില്ല. തന്നാലാവും വിധം എല്ലാവർക്കും സഹായം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പതിനായിരങ്ങൾ പങ്കുവച്ച ഓർമ്മകൾ തന്നെ അതിനു ദൃഷ്ടാന്തം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ജനസമ്പർക്ക പരിപാടിയിലൂടെ ഉമ്മൻ ചാണ്ടി ഉറപ്പിച്ചു പറഞ്ഞു.

സർക്കാർ ഫയലുകളിൽ തീർപ്പുണ്ടാവുന്നതിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാൻ ഉമ്മൻ ചാണ്ടി കണ്ടുപിടിച്ച മാർ​ഗമായിരുന്നു ജനസമ്പർക്ക പരിപാടി. അതിവേ​ഗം ബഹുദൂരം ഉള്ള ആ പ്രശ്നപരിഹാര മാർ​ഗം പുതുപ്പള്ളിയിലെ ഞായറാഴ്ച സദസുകളുടെ വിപുലീകരിച്ച രൂപമായിരുന്നു. പുതുപ്പള്ളിക്കാരുടെ പരാതികളും നിവേദനങ്ങളും സ്വീകരിക്കാൻ ഞായറാഴ്ച തിരഞ്ഞെടുത്ത ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പദത്തിലിരുന്ന് കേരളത്തെയൊന്നാകെ ജനസമ്പർക്ക പരിപാടിയിലേക്കെത്തിച്ചു. ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കാതെ പല കാര്യങ്ങളെയും യഥാസമയം പരിഹരിച്ചു.

ഉമ്മൻ ചാണ്ടി എന്നാൽ‌ ജനങ്ങൾക്ക് വിശ്വാസത്തിന്റെ പ്രതിരൂപമായിരുന്നു. ഇനി ഞങ്ങളാരോട് പറയും എന്ന് വിലപിക്കുന്ന ജനക്കൂട്ടം അനാഥമാകുന്നത് ആ അർത്ഥത്തിലാണ്. ആൾക്കൂട്ടത്തെ തനിച്ചാക്കി ഉമ്മൻ ചാണ്ടി കാലയവനികയിലേക്ക് മറഞ്ഞതോടെ ഇല്ലാതാവുന്നത് ആ ജനങ്ങളെ ചേർത്തുപിടിച്ച ഏറ്റവും വിശ്വസ്തനായ അവരുടെ നേതാവാണ്. വിലാപയാത്ര കടന്നുവരുന്ന വഴികളിൽ വികാരഭരിതരായി അന്ത്യാഞ്ജലി അർപ്പിക്കുന്ന എത്രയോ മനുഷ്യരെ കേരളം കണ്ടു. കൈകൂപ്പി കേണുകരയുന്നവർ, തങ്ങൾ അനാഥരായെന്ന് നിലവിളിക്കുന്നവർ, ഉറച്ച ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് പ്രിയനേതാവിന് വിട ചൊല്ലുന്നവർ, നന്ദിയോടെ ആ പ്രിയപ്പെട്ട മനുഷ്യനെ സ്മരിക്കുന്നവർ തുടങ്ങി കണ്ണീരണിഞ്ഞ ആബാലവൃദ്ധം ജനം. ഇത്രയേറെ ജനങ്ങളോട് നേരിട്ട് സംവ​ദിച്ച മറ്റൊരു നേതാവ് ഉണ്ടാകുമോ, സംശയമാണ്.

അതിവേ​ഗം ബഹുദൂരം പ്രശ്നപരിഹാരം കണ്ട് ജനങ്ങൾക്കു നടുവിൽ സാധാരണക്കാരനായി നിന്ന ആ മനുഷ്യൻ ഇനിയില്ല. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ഇനി ഓർമ്മകളിൽ‌ അനശ്വരനാകും. ആ നഷ്ടം നികത്താനാവാത്ത ഒന്നായി രാഷ്ട്രീയകേരളത്തിൽ ബാക്കിയാകും. ഇത്രയേറെ ജനങ്ങളുടെ സ്നേഹം കിട്ടിയ ഒരു നേതാവ്, അത് ചരിത്രത്തിൽ എഴുതിച്ചേർത്ത ഒരു അന്ത്യയാത്ര. പുതുപ്പള്ളി ഹൗസ് മുതൽ പുതുപ്പള്ളി വരെ നീണ്ട ആ അവസാനയാത്രയും കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി മണ്ണിലേക്ക് മടങ്ങുമ്പോൾ കക്ഷിരാഷ്ട്രീയഭേദമന്യേ കേരളം ഒന്നാകെ മനസിൽ ഉരുവിടുന്നുണ്ട്, ഇത് തീരാനഷ്ടമെന്ന്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com