കോട്ടയം: അവസാന ജനസമ്പർക്കവും ഭംഗിയായി നിറവേറ്റി ഉമ്മൻ ചാണ്ടി മടങ്ങി. പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ പ്രത്യേകം ക്രമീകരിച്ച കല്ലറയിൽ ഇനി ‘കുഞ്ഞൂഞ്ഞി’ന് വിശ്രമം. പുലർച്ചെ 12 മണിയോടെ മൃതദേഹം സംസ്‌കരിച്ചു.
കുടുംബത്തിന്റെ പ്രത്യേക ആവശ്യപ്രകാരം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കിയായിരുന്നു സംസ്‌കാര ചടങ്ങുകൾ. സംസ്‌കാരചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയാണ് മുഖ്യകാർമികത്വം വഹിച്ചത്. കർദിനാൾ മാർ ആലഞ്ചേരിയും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.
വിലാപയാത്രയിലുടനീളം കൂടെയുണ്ടായിരുന്നു കുടുംബാംഗങ്ങളും സന്തതസഹചാരികളായ പാർട്ടി പ്രവർത്തകരും. വി.ഡി സതീശനും രമേശ് ചെന്നിത്തലയുമൊന്നും ‘ചാണ്ടി സാറി’നടുത്ത് നിന്ന് മാറിയതേയില്ല. കരച്ചിലടക്കാൻ പാടു പെടുമ്പോഴും പ്രിയനേതാവിനെ കാണാനെത്തിയ ജനലക്ഷങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു അവർ. വഴിക്കിരുവശവും സ്‌നേഹാദരങ്ങളർപ്പിച്ച് നിന്ന ലക്ഷോപലക്ഷം ആളുകൾക്ക് മുന്നിൽ തൊഴുകൈകളോടെ നിന്നു മകൻ ചാണ്ടി ഉമ്മൻ.
ഉമ്മൻചാണ്ടി പുതുപ്പള്ളിയിലുള്ളപ്പോൾ ആളുകളുടെ പരാതികൾ കേട്ടിരുന്നയിടമാണ് കരോട്ടുവള്ളിക്കാലിൽ വീട്. ‘ചാണ്ടി സാറു’ള്ളപ്പോൾ നിറഞ്ഞു കവിയും ഈ വീടും പരിസരവും. ഉമ്മൻ ചാണ്ടിക്കതാണിഷ്ടവും. ആരുടെയും പരാതികൾ കേൾക്കാതെ വിടില്ല, ആരുടെയും പരിഭവം കാണാതെയുമിരിക്കില്ല. എന്നാലിത്തവണ അതുണ്ടായില്ല എന്ന് മാത്രം. കരോട്ടുവീട്ടിൽ തന്നെ കാണാനെത്തിയവർക്ക് മുന്നിൽ നിശ്ചലനായി കുഞ്ഞൂഞ്ഞ് കിടന്നു. ആ കാഴ്ച കണ്ട് പുതുപ്പള്ളിയുടെ ഹൃദയവും മുറിഞ്ഞു. കരോട്ടു വീട്ടിലെയും നിർമാണം നടക്കുന്ന സ്വവസതിയിലെയും പ്രാർഥനകൾ കഴിഞ്ഞ ശേഷമാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പള്ളിയിലേക്കെടുത്തത്. പള്ളിയിലും പതിനായിരങ്ങൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണണം, ഇനി പതിവുപോലെ ഞായറാഴ്ചക്കുർബാനക്ക് കുഞ്ഞൂഞ്ഞില്ലല്ലോ.