ഇംഫാൽ: മണിപ്പൂരിൽ സംഘർഷ സാഹചര്യം തുടരുന്നു. ഇന്ത്യ – മ്യാൻമർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചന്ദേൽ ജില്ലയിലെ മോറെ പട്ടണത്തിൽ സായുധ സേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടി. അക്രമകാരികൾ ആളൊഴിഞ്ഞ 30 വീടുകൾ അഗ്നിക്കിരയാക്കി. മെയ്തെയ് വിഭാഗക്കാരുടെ വീടുകളാണ് അക്രമകാരികൾ അഗ്നിക്കിരയാക്കിയത്. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മ്യാൻമാറിൽ നടന്ന ആക്രമണ വീഡിയോകൾ മണിപ്പൂരിലേതെന്ന പേരിൽ പ്രചരിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന. സ്ത്രീകൾക്കെതിരായ അതിക്രമ വീഡിയോകളുടെ നിജസ്ഥിതി അറിയാനാണ് ശ്രമം.
മണിപ്പൂരില്‍ കടയില്‍ വച്ച് ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിൽ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്റർനെറ്റ് വിലക്ക് ഭാഗീകമായി നീക്കിയ സാഹചര്യത്തിൽ ആക്രമണ ദൃശ്യങ്ങൾ കൂടുതലായി പ്രചരിക്കുമെന്ന് സർക്കാരിന് ആശങ്കയുണ്ട്.