മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ഐ.ജി ജി. ലക്ഷ്മണ്‍ രംഗത്ത്. സാമ്പത്തിക ഇടപാടുകളില്‍ ഒത്തു തീര്‍പ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നതായാണ് ഐ.ജി ലക്ഷ്മണിന്റെ വെളിപ്പെടുത്തല്‍. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോപണങ്ങള്‍.
മുഖ്യമന്ത്രിയുടെ ഓഫീസ് അസാധാരണ ഭരണഘടന അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക ഇടപാടുകളില്‍ ഒത്തു തീര്‍പ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നു. ഹൈക്കോടതി മദ്ധ്യസ്ഥനെ നിയോഗിച്ച കേസുകളില്‍ പോലും സി.എം. ഓഫിസിലെ ഗൂഢ സംഘം പ്രശ്‌ന പരിഹാരം നടത്തി. ഈ സംഘത്തിലെ അദൃശ്യ കരങ്ങളും ബുദ്ധി കേന്ദ്രവുമാണ് തട്ടിപ്പ് കേസില്‍ തന്നെ ഉള്‍പ്പെടുത്തിയതെന്നും ഐ.ജി. ഗോഗുലോത്ത് ലക്ഷ്മണ്‍ ആരോപിക്കുന്നു.
മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍വീസിലിരിക്കുന്ന ഉന്നത പൊലീസുദ്യോഗസ്ഥന്റെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങള്‍. സി.എം. ഓഫീസിലെ അസാധാരണ ബുദ്ധി കേന്ദ്രത്തിന്റെ നിര്‍ദേശം പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി തന്നെ പ്രതിയാക്കിയതെന്നും ഐ.ജി ലക്ഷ്മണ്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജിയിന്മേല്‍ സര്‍ക്കാരിനോടുള്‍പ്പെടെ ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. കേസില്‍ നാലാം പ്രതിയാണ് ഐ.ജി. ജി. ലക്ഷ്മണ്‍.
അതേ സമയം സര്‍വ്വീസിലിരിക്കുന്ന ഉന്നത പൊലീസുദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ഒരു പോലെ പ്രതിരോധത്തിലാക്കും.