Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി

ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി

ന്യൂഡല്‍ഹി: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി. ഗണപതി ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ അപകീര്‍ത്തികരവും പ്രകോപനപരവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പരാതി. സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബാണ് പരാതിക്കാരന്‍. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവര്‍ത്തികള്‍ സത്യപ്രതിജ്ഞയുടെ കടുത്ത ലംഘനമാണെന്നും ഷംസീറിനെ ഭരണഘടനാ പദവിയില്‍ നിന്ന് പുറത്താക്കണമെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത് വന്നിരുന്നു. ഷംസീര്‍ പറഞ്ഞ വിഷയത്തില്‍ മാപ്പും തിരുത്തുമില്ല. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണെന്നുമായിരുന്നു എം വി ഗോവിന്ദന്റെ നിലപാട്. എന്‍ എസ് എസിനെ പരാമര്‍ശിക്കാതെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. രാവിലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നടത്തിയ പ്രതികരണങ്ങളോടും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചില്ല.

ഇതിനിടെ ഇന്ത്യ മതരാഷ്ട്രമല്ലെന്നും ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കരുതെന്നുമുള്ള നിലപാട് സ്പീക്കർ എ എൻ ഷംസീർ ആവർത്തിച്ചു. പാഠ്യപദ്ധതിയുടെ മറവിൽ കാവിവൽക്കരണമാണ് നടക്കുന്നത്. ഭരണഘടനയെന്തെന്ന് കുട്ടികളെ പഠിപ്പിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണ്. മിത്ത് വിവാദങ്ങളിൽ നിലപാടിലുറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു സ്പീക്കർ.

ശാസ്ത്രം സത്യമാണ്. ശാസ്ത്രം പ്രചരിപ്പിക്കുക എന്നാൽ വിശ്വാസം തള്ളിപ്പറയുകയെന്നല്ല. മതനിരപേക്ഷവാദിയാവുകയെന്നതാണ് നാം എടുക്കേണ്ട പ്രതിജ്ഞ. എല്ലാ ജാതിമതസ്ഥർക്കും ഒന്നിച്ചിരിക്കാനും അഭിപ്രായം പറയാനും കഴിയണം. ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ഓരോ കുട്ടിയും ഇന്ന് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസും ബിജെപിയും ഷംസീറിനെതിരെ രംഗത്ത് വന്നിരുന്നു. എൻഎസ്എസ് ഷംസീറിൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നാമജപയാത്രയും സംഘടിപ്പിച്ചിരുന്നു. എൻഎസ്എസ് നിലപാടിനെ പിന്തുണച്ച് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. എൻഎസ്എസിൻ്റെയും ബിജെപിയുടെയും നിലപാടുകളെ പ്രത്യക്ഷത്തിൽ പിന്തുണച്ചില്ലെങ്കിലും ഷംസീറിൻ്റെ പ്രസ്താവനയെ തള്ളിപ്പറയുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments