കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി അസഫാക്ക് ആലത്തെ ആലുവ മാർക്കറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുഞ്ഞിന്റെ വസ്ത്രവും ചെരുപ്പും സ്ഥലത്തു നിന്ന് കണ്ടെത്തി.
രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൂടുതൽ സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. കസ്റ്റഡി കാലാവധി തീരും മുമ്പേ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. 10 ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
പ്രതിയെ കുറിച്ചുള്ള അന്വേഷണം ബിഹാറിലേക്കും വ്യാപിപ്പിക്കുമെന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. ബിഹാറിലേക്ക് പോകാനായി ടീം സജ്ജമാക്കി. ബിഹാർ പൊലീസിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കേസിൽ പ്രതി ഒരാൾ മാത്രമാണ്. ഇന്ന് നടത്തിയ തെളിവെടുപ്പിൽ കുട്ടിയുടെ വസ്ത്രവും ചെരിപ്പും കണ്ടെത്തി. പ്രതിയുടെ ആധാർ കാർഡിലെ വിലാസം ശരിയാണെന്ന് സ്ഥിരീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കെരെ ലൈംഗിക അതിക്രമം നടത്തിയതിന് നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2018ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്. കേരളത്തിൽ മൊബൈൽ മോഷണ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. ഇയാളുടെ ക്രമിനിൽ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.