ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യുടെ ഏകോപന സമിതി നേതൃസ്ഥാനത്തേക്ക് സോണിയാ ഗാന്ധിയും നിതീഷ് കുമാറും വന്നേക്കും. മുംബൈയില്‍ ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ ഒന്നിനും നടക്കാനിരിക്കുന്ന ‘ഇന്ത്യ’യുടെ ദിദ്വിന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. പതിനൊന്നംഗ ഏകോപന സമിതിയാണ് രൂപീകരിക്കുക.
ഏകോപന സമിതിയുടെ ചെയര്‍പേഴ്‌സണായി സോണിയയെയും കണ്‍വീനറായി നിതീഷിനെയും തിരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിതീഷ് കുമാര്‍ കണ്‍വീനര്‍ ആവുമെന്ന കാര്യത്തില്‍ സംശയമില്ല. സോണിയാ ചെയര്‍പേഴ്‌സണായി വരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്.
എന്നാല്‍ പദവി ഏറ്റെടുക്കുന്നതില്‍ സോണിയാ പൂര്‍ണ്ണസമ്മതം പ്രകടിപ്പിച്ചിട്ടില്ല. അവര്‍ വിസമ്മതിക്കുകയാണെങ്കില്‍ നേതൃസ്ഥാനത്തേക്ക് സോണിയാ നിര്‍ദ്ദേശിക്കുന്ന ആളെ പരിഗണിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സോണിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 18ന് നടന്ന യോഗത്തിന് ശേഷം അടുത്ത യോഗത്തില്‍ ഏകോപന സമിതിയെ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചിരുന്നു. മുംബൈ യോഗത്തിന് ശേഷം സമിതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നേക്കും.