കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ബൂത്ത് ചുമതലക്കാരുടെ ശിൽപശാല സംഘടിപ്പിച്ച് കോൺഗ്രസ്. ഇതിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചുമതലക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. മണ്ഡലത്തിലെ 8 പഞ്ചായത്തുകളുടെ ചുമതല മുൻ ഡിസിസി പ്രസിഡന്റുമാർക്കും ഐഎൻടിയുസി ഭാരവാഹികൾക്കുമുൾപ്പടെ വീതിച്ചു നൽകി. അരനൂറ്റാണ്ടോളം ഉമ്മൻചാണ്ടി പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താനുള്ള തയാറെപ്പുകളിലാണ് കോൺഗ്രസ്.
അയർക്കുന്നം, പുതുപ്പള്ളി ബ്ലോക്കുകളുടെ ചുമതല കെ സി ജോസഫിനും തിരുവഞ്ചൂർ രാധാകൃഷ്ണനും നൽകിയതിന് പുറമേ ബ്ലോക്കുകളുടെ പരിധിയിൽ വരുന്ന പഞ്ചായത്തുകളുടെ ചുമതലയും നിർദ്ദേശിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ എട്ടിൽ 6 പഞ്ചായത്തും എൽഡിഎഫിന്റേതെന്ന വെല്ലുവിളി മറികടക്കാനാണ് കോൺഗ്രസിന്റെ ശ്രമം. എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കാവുന്ന ജെയ്ക് സി തോമസിന്റെ പഞ്ചായത്തായ മണർകാട് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസിനും മുൻ ഡിസിസി പ്രസിഡന്റ് കുര്യൻ ജോയ്ക്കും ചുമതല ഏൽപ്പിച്ചു.
കുഞ്ഞ് ഇല്ലംപള്ളിക്കാണ് പുതുപ്പള്ളി പഞ്ചായത്തിന്റെ ചുമതല. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കന് പാമ്പാടിയിലാണ് ചുമതല. അകലക്കുന്നത്ത് ടോമി കല്ലാനിയും കൂരോപ്പടയിൽ പിഎ സലീമും വാകത്താനത്ത് ജോസി സെബാസ്റ്റ്യനും അയർക്കുന്നത്ത് ഫിലിപ്പ് ജോസഫും മീനടത്ത് പി എസ് രഘുറാമും ചുമതല വഹിക്കും. ഇതിനു പുറമേ 182 ബൂത്തുകൾക്കും നിയോജകമണ്ഡലത്തിന് പുറത്തുനിന്നുള്ള ജില്ലയിലെ തന്നെ നേതാക്കൾക്ക് ചുമതല നൽകി.