കോട്ടയം: പുതുപ്പള്ളിയിൽ കോൺഗ്രസിൽ വിമത നീക്കം. ജില്ലാ പഞ്ചായത്ത് അംഗം നിബു ജോൺ വിമതനായി മത്സരിച്ചേക്കും. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തയായിരുന്ന നിബുവിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. കാലങ്ങളായി ഉമ്മൻ ചാണ്ടിയുടെ കൂടെയുണ്ടായിരുന്ന നിബു ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുടുംബത്തിനെതിരെ പരസ്യമായി നിലപാടെടുത്തിരുന്നു. ഇത് നിബുവിനെ ഉമ്മൻചാണ്ടിയുടെ കുടുംബവുമായി അകലുന്നതിന് കാരണമായി
ജില്ലാ പഞ്ചായത്ത് അംഗമായിട്ടും പാർട്ടിയിൽ കാര്യമായ പരിഗണന ലഭിക്കുന്നില്ല എന്ന പ്രശ്‌നം നിബു നേരത്തെ ഉന്നയിച്ചിരുന്നു. നിബുവിനെ എൽ.ഡി.എഫ് പരസ്യമായി പിന്തുണക്കില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. എൽ.ഡി.എഫിനായി സി.പി.എംന്റെ ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി മത്സരിക്കുമെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരുന്നു.
അതേസമയം മണർകാട് പള്ളി പെരുന്നാൾ ചൂണ്ടിക്കാട്ടി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. സെപ്റ്റംബർ ഒന്നുമുതൽ എട്ട് വരെയാണ് മണർകാട് പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ നടക്കുക. മണർകാട് പള്ളി ഉൾപ്പെടുന്ന മണർകാട് പഞ്ചായത്ത് പുതുപ്പള്ളി നിയസഭാ മണ്ഡലത്തിൽ വരുന്നതാണ് അതോടൊപ്പം ഈ പള്ളിയോടടുത്തുള്ള സ്‌കൂളിൽ തെരഞ്ഞെടുപ്പിനുള്ള ബൂത്തുകളും പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പെരുന്നാൾ തടസം സൃഷ്ടിക്കും അത്‌കൊണ്ട് പെരുന്നാളിന്റെ സുഖമമായ നടത്തിപ്പിനായി തെരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്.