തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ രൂക്ഷവിമര്‍ശനവുമായി ഉപലോകായുക്ത. രാഷ്ട്രീയക്കാര്‍ ജോലി ചെയ്ത് ജീവിക്കണണെന്ന് ഉപലോകായുക്ത ഹാറൂണ്‍ റഷീദ് വിമര്‍ശിച്ചു. രാഷ്ട്രീയക്കാര്‍ ചെയ്യുന്നതും ജോലിയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചതോടെ വെറെ തൊഴില്‍ കിട്ടാത്തതുകൊണ്ടാണ് ഇത് ചെയ്യുന്നത് എന്ന് ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവരുടെ വില ഇടിക്കരുത് എന്നും ഉപലോകായുക്ത ബാബു മാത്യൂ ജോസഫ് പറഞ്ഞു.
ജോലിയെടുത്ത് കുടുംബം പുലര്‍ത്തുന്നതിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ് വേണ്ടതെന്നും ഹാറൂണ്‍ റഷീദ് പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവരുടെ വില ഇടിക്കരുതെന്ന് ഉപലോകായുക്ത ബാബു മാത്യൂ ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നല്‍കിയെന്നാണ് ഹര്‍ജിക്കാരനായ ശശി കുമാറിന്റെ ആരോപണം.
എന്നാല്‍ ദുരിതാശ്വാസം നല്‍കിയതിന് പരാതി നല്‍കുന്നത് ആദ്യമാണെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ അങ്ങനെ ചെയ്യുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേയെന്ന് ലോകായുക്ത ചോദിച്ചു. പണം നല്‍കാനുള്ള തീരുമാനത്തില്‍ പക്ഷപാതമുണ്ടെന്ന് ഹാറൂണ്‍ റഷീദ് നിരീക്ഷിച്ചു. മറ്റ് പലര്‍ക്കും കൊടുത്തില്ലല്ലോയെന്ന് ഉപലോകായുക്ത ചോദിച്ചപ്പോള്‍ അങ്ങനെ എല്ലാവര്‍ക്കും കൊടുക്കുന്നത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
വാദങ്ങള്‍ എഴുതി നല്‍കാന്‍ അനുവദിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ലോകായുക്ത തള്ളി. ഇത്ര മോശമായി വാദിക്കുന്ന ,അഭിസംബോധന ചെയ്യുന്ന അഭിഭാഷകനെ കണ്ടിട്ടില്ലെന്ന രൂക്ഷവിമര്‍ശനവും ഉപലോകായുക്ത ബാബു മാത്യൂ ജോസഫ് വാദിച്ചു. വക്കീലായി നില്‍ക്കുമ്പോള്‍ ഞങ്ങളെ ജഡ്ജി ആയി കാണാന്‍ സൗമനസ്യം കാണിക്കണം. അങ്ങനെ കാണിച്ചില്ലെങ്കില്‍ നിങ്ങളുടെ നിലവാരം മറ്റുള്ളവര്‍ അളക്കും. ഹര്‍ജിക്കാരന്‍ വായക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയില്‍ ചാനലില്‍ വിളിച്ചു പറയുന്നുവെന്നും ലോകായുക്ത വിമര്‍ശിച്ചു.