തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ നിന്ന് 29 കോടി രൂപ മുൻ മന്ത്രി എ സി മൊയ്തീൻ കൊള്ളയടിച്ചെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. മൊയ്തീന്റെ കൊള്ളക്ക് മുഖ്യമന്ത്രിയുടെ മൗനസമ്മതമുണ്ടെന്നും അനിൽ അക്കര പറഞ്ഞു. നിയസഭാ നോമിനേഷനിൽ മൊയ്തീൻ സാമ്പത്തിക ഇടപാടുകൾ മറച്ചു വെച്ചു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 19 ലക്ഷം മാത്രമാണ് കാണിച്ചത്. ഇപ്പോൾ ഇഡി കണ്ടെത്തി ഫ്രീസ് ചെയ്തത് 30 ലക്ഷത്തിൽ കൂടുതലാണ്.
കോലഴി സ്വദേശി സതീഷ്, ചേർപ്പ് സ്വദേശി അനിൽ സേട്ട് എന്നിവരുടെ വീടുകളിൽ മൊയ്‌ദീൻ മണി പാർക്ക് നടത്തിയിട്ടുണ്ട്. ഇത് മൊയ്‌ദീൻ വ്യക്തമാക്കണം. എംഎൽഎ സ്ഥാനത്തു തുടരാൻ അദ്ദേഹം യോഗ്യനല്ല. ഇതിൽ അദ്ദേഹത്തിന്റെ പാർട്ടി തീരുമാനം എടുക്കണം. പ്രദേശത്തെ ഡിവൈഎഫ്ഐ നേതാക്കളെ ഇവർ പാട്ടത്തിന് എടുക്കുന്നു. അവരെ ഉപയോഗിച്ച് ലോണിന് അപേക്ഷിച്ച് 29 കോടി രൂപയാണ് മൊയ്തീൻ കവർന്നത്.
മൊയ്തീൻ 100 കണക്കിന് ആളുകളുടെ ജീവിതങ്ങൾ ഇല്ലാതാക്കി. കേരളത്തിലെ സിപിഐഎംന്റെ മുതലാളിമാരായ സഖാക്കൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പോലും കള്ളം കാണിക്കുന്നു. മച്ചാട് സഹകരണ സംഘത്തിൽ വൻ തുക നിക്ഷേപിച്ചതിൽ ദുരൂഹതയുണ്ട്. മൊയ്തീന്റെ കൊള്ളക്ക് മുഖ്യമന്ത്രി മൗന സമ്മതം നൽകുകയാണ്. വൻ കൊള്ളയാണ് എ സി മൊയ്തീനും സംഘവും നടത്തിയത്. സതീശൻ, അനിൽ സേഠ് എന്നിവർ മൊയ്തീന്റെ ബിനാമികളാണെന്നും അനിൽ അക്കര പറഞ്ഞു.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ റെയ്ഡിന് പിന്നാലെ എ സി മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയ ആളുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.