ഐ എസ് ആര്‍ ഒ ചാന്ദ്ര പര്യവേഷണങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ചാന്ദ്രയാന്‍ പദ്ധതി. 2003 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി പ്രഖ്യാപിച്ച ചന്ദ്രയാന്‍ പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.
1999ല്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ യോഗത്തിലാണ് ചന്ദ്രനിലേക്ക് ഒരു ഇന്ത്യന്‍ ശാസ്ത്രദൗത്യം എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. ഐ എസ് ആര്‍ ഒയ്ക്ക് അത്തരമൊരു ദൗത്യം വിജയകരമായി നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. 2003 ഏപ്രിലില്‍ ചന്ദ്രനിലേക്ക് ഒരു ഇന്ത്യന്‍ പേടകം വിക്ഷേപിക്കുന്നതിനുള്ള ടാസ്‌ക്ക് ഫോഴ്‌സിന്റെ ശുപാര്‍ശ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. 2003 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ചന്ദ്രയാന്‍ ദൗത്യത്തെപ്പറ്റിയുള്ള ആദ്യ പ്രഖ്യാപനം നടത്തി.
ഇതുവരെ ചന്ദ്രനിലേക്ക് മൂന്ന് ദൗത്യങ്ങളാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. രണ്ട് ഓര്‍ബിറ്ററുകളും ലാന്‍ഡറുകളും റോവറുകളുമാണ് ഈ ദൗത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്. രണ്ട് ഓര്‍ബിറ്ററുകള്‍ വിജയകരമായിരുന്നുവെങ്കില്‍ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡറും റോവറും ചന്ദ്രോപരിതലത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു.