കോട്ടയം: പുതുപ്പള്ളിയിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം കൂടുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സ്ഥാനാർത്ഥിയുടെ ഇന്നത്തെ വാഹന പര്യടനം കൂരോപ്പട പഞ്ചായത്തിൽ ആണ്. കൂരോപ്പട 12-ാം മൈൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ആത്മവിശ്വാസം കൂട്ടുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
കൂരോപ്പടയിൽ വാഹന പര്യടനത്തിന് എത്തിയ ചാണ്ടി ഉമ്മൻ ആദ്യം വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉമ്മൻചാണ്ടിയുമായി ഏറെ അടുപ്പം ഉണ്ടായിരുന്ന രണ്ട് കോളനികളിലും അദ്ദേഹം നേരിട്ട് എത്തി. പൂർണമായ ജന പിന്തുണ കിട്ടുന്നുണ്ട്, അവരുടെ സ്നേഹം ഓരോരുത്തരോടും സംസാരിക്കാൻ കിട്ടുന്ന അവസരം അത് ഭാഗ്യമായി കാണുന്നു. നിരവധി വീടുകളിൽ ചെന്നപ്പോൾ പലരും കരയുകയാണ്. അവർ അനാഥരായി മാറി. ആ അനാഥത്വത്തിന് ഞാനും തുല്യ ദുഃഖിതനാണെങ്കിലും പരസ്പരമുള്ള പിന്തുണ കൊണ്ട് ഇതിനെ മറികടക്കാമെന്നാണ് വിശ്വാസമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വികസനം ജെയിക്കിന്റെ കൈകളിലൂടെ എന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടിയായി അഞ്ചാം തീയതി ജനങ്ങൾ തീരുമാനിക്കും എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എട്ടാം തീയതി അത് അറിയാമെന്നും കൂട്ടിച്ചേർത്തു. ഭരണവിരുദ്ധ വികാരം കേരളത്തിൽ നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരമുണ്ട്, ഇത് യുഡിഎഫിന് അനുകൂലമാകും. അപ്പ 53 വർഷം ഭരിച്ച മണ്ഡലത്തിൽ തനിക്ക് ആ സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ചാണ്ടി ഉമ്മൻ. കെ സി വേണുഗോപാൽ അടക്കം മുതിർന്ന നേതാക്കൾ ഇവിടേയ്ക്കും എത്തും. വരും ദിവസങ്ങളിൽ തരൂർ അടക്കമുള്ളവർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളെ ഉമ്മൻ ചാണ്ടി അന്തരിച്ചിട്ട് 40 ദിവസം തികയുകയാണ്. പുതുപ്പള്ളി പള്ളിയിലും കുടുംബത്തിലും പ്രത്യേക പ്രാർത്ഥന ഉണ്ട്. നാളെ പൊതു പരിപാടികൾ ഉണ്ടാകില്ല. ഇനി 28നും ഒന്ന് രണ്ട് തീയതികളിലും ആണ് വാഹന പര്യടനം ഉണ്ടാവുക.