വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒമ്പത് പേർ മരിച്ചതയാണ് റിപ്പോർട്ട്. തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. 12 പേർ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. റാണി, ശാന്തി, ചിന്നമ്മ, ലീല, ഷാജ ബാബു, റാബിയ, മേരി, വസന്ത, വിജയകുമാരി എന്നിവരാണ് മരണപ്പെട്ടത്. ലത, ഉമാദേവി, ഡ്രൈവർ മണി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് എല്ലാവരും.
വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. കെ എൽ 11 ബി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.
അപകടസ്ഥലത്തേക്ക് വനം മന്ത്രി എകെ ശശീന്ദ്രൻ തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ കാര്യങ്ങൾ ഏകോപിപ്പിക്കാനും മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകി.