Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews"ഭാരതം ഒന്നാകും ഇന്ത്യ ജയിക്കും" ഇൻഡ്യ മുന്നണി പ്രചരണ മുദ്രാവാക്യം

“ഭാരതം ഒന്നാകും ഇന്ത്യ ജയിക്കും” ഇൻഡ്യ മുന്നണി പ്രചരണ മുദ്രാവാക്യം

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം യോ​ഗം ചേർന്ന പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി ഏകോപന സമിതിയെ പ്രഖ്യാപിച്ചു. 13 അംഗ സമിതിയിൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഇല്ല. കമ്മിറ്റിക്ക് കൺവീനറോ കോ‍ഡിനേറ്ററോ ഉണ്ടാകില്ല. മുഖ്യമന്ത്രിമാരിൽ നിന്ന് ഹേമന്ത് സോറൻ ഉൾപ്പെട്ടപ്പോൾ മമത ബാനർജിയും നിതീഷ് കുമാറും കമ്മിറ്റിയിൽ ഇല്ല.

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, എഎപി എം.പി രാഘവ് ഛദ്ദ, സമാജ്‌വാദി പാർട്ടി നേതാവ് ജാവേദ് ഖാൻ, ജനതാദൾ യുണൈറ്റഡ് ദേശീയ പ്രസിഡന്റ് ലാലൻ സിങ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഐ നേതാവ് ഡി. രാജ, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി എന്നിവരാണ് സമിതിയിലുള്ളത്.

അതേസമയം, കമ്മിറ്റി അംഗങ്ങളുടെ എണ്ണം 14 ആക്കുമെന്നും സിപിഎം അംഗത്തെ ഉൾപ്പെടുത്തുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഈ അംഗത്തെ പിന്നീട് തീരുമാനിക്കും. നേരത്തെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ മാറ്റി ഡിഎംകെ നേതാവ് ടി.ആർ ബാലുവുവിനെ ഉൾപ്പെടുത്തി.

19 അംഗങ്ങൾ‌ ഉൾപ്പെടുന്ന മാധ്യമ പ്രചാരണത്തിനുള്ള വർക്കിങ് ഗ്രൂപ്പും സമൂഹ മാധ്യമങ്ങളിലെ പ്രവർത്തനത്തിന് 12 അംഗ വർക്കിങ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. 19 അംഗങ്ങളുള്ള ക്യാംപയിൻ കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. പി.സി ചാക്കോ, ബിനോയ് വിശ്വം, എൻ.കെ പ്രേമചന്ദ്രൻ, ജി. ദേവരാജൻ, ജോസ് കെ. മാണി എന്നിവരടക്കമുള്ളവരാണ് ക്യാംപയിൻ കമ്മിറ്റി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മത്സരിക്കുമെന്ന പ്രമേയവും യോ​ഗം പാസാക്കി. “ഭാരതം ഒന്നാകും ഇന്ത്യ ജയിക്കും” എന്നതാണ് സഖ്യത്തിന്റെ പ്രചരണ മുദ്രാവാക്യം. സീറ്റ് വിഭജനം ഉടൻ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച നേതാക്കൾ, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൊതു റാലികൾ നടത്തുമെന്നും വ്യക്തമാക്കി. അതേസമയം, സഖ്യത്തിന്റെ ലോഗോ പ്രകാശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഇൻഡ്യ മുന്നണി ശക്തി പ്രാപിക്കുന്നതോടെ പ്രതിപക്ഷ നേതാക്കൾക്കെതിരായ ഏജൻസികളെ സർക്കാർ കൂടുതൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പൗരന്മാർ ഇനിയും വഞ്ചിക്കപ്പെടില്ല. 140 കോടി ഇന്ത്യക്കാർ മാറ്റത്തിന് തുടക്കമിടാൻ തീരുമാനിച്ചു- യോഗത്തിന് മുന്നോടിയായി എടുത്ത പ്രതിപക്ഷ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ ഷെയർ ചെയ്ത് ഖാർഗെ തന്റെ എക്സ് ഹാൻഡിലിൽ കുറിച്ചു. പുരോഗമനപരവും ക്ഷേമാധിഷ്ഠിതവുമായ ഇന്ത്യയ്‌ക്കായി ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു. ഈ സ്വേച്ഛാധിപത്യ സർക്കാരിനെ പുറത്താക്കാനുള്ള നീക്കത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു- അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രം രൂപപ്പെടുത്തലും മുന്നണിയുടെ ഔപചാരിക ഘടനയ്ക്ക് അന്തിമരൂപം നൽകലും സഖ്യത്തിന്റെ മൂന്നാമത്തെ യോഗം ലക്ഷ്യമിടുന്നു. വക്താവിനെ നിയമിക്കുന്ന കാര്യത്തിലും സഖ്യം തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. മുന്നണിയുടെ മൂന്നാമത്തെ യോഗം വ്യാഴാഴ്ച വൈകീട്ടാണ് മുംബൈയിൽ ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com