തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് മുൻ മന്ത്രി എസി മൊയ്തീന്റെ ബിനാമികളാണ് അറസ്റ്റിലായത്. സതീഷ് കുമാർ, പിപി. കിരൺ എന്നിവരാണ് അറസ്റ്റിലായത്. സതീഷ് കുമാർ പ്രധാന പ്രതിയാണെന്നും ഇരുവർക്കും നിരവധി സിപിഎം നേതാക്കളുമായും ബന്ധമുണ്ടെന്നും ഇഡി അറിയിച്ചു. 14 കോടിയുടെ തട്ടിപ്പാണ് കിരൺ നടത്തിയതെന്നും, പണം സതീഷുമായി പങ്കുവെച്ചു എന്നും ഇഡി പറഞ്ഞു. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും ഇഡി കൂട്ടിച്ചേർത്തു.
കരുവന്നൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, ഇടനിലക്കാരൻ കിരൺ, കമ്മീഷൻ ഏജന്റ് ബിജോയ് എന്നിവരാണ് ഇഡിയുടെ പ്രതിപ്പട്ടികയിലുള്ളത്. ഇവരുടെയും മുൻ മന്ത്രി എ.സി. മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്നവരുടെയും ആദ്യ ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നു.
300 കോടിയുടെ തട്ടിപ്പാണ് സഹകരണ ബാങ്കിൽ നടന്നത്. ഇതിനെ തുടർന്ന് ആദ്യം ക്രൈം ബ്രാഞ്ചും പിന്നീട് ഇഡിയും അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം എസി. മൊയ്തീന്റെ വീട്ടിൽ നടന്ന അപ്രതീക്ഷീത റെയ്ഡിലാണ് പല നിർണ്ണായക വിവരങ്ങളിലേക്കും ഇഡി എത്തിച്ചേർന്നത്.