ന്യൂഡൽഹി: ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്‌പോണ്‍സിബിള്‍ അഡ്വാന്‍സ്‌മെന്റ് ഫോര്‍ ടുമാറോ) എന്ന് പേരിടണമെന്ന് ശശി തരൂർ സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റിയാൽ ഇന്ത്യയുടെ പേര് മാറ്റുന്ന ബുദ്ധിശൂന്യമായ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ ‘ഭാരത്’ എന്നാക്കുന്നതിൽ ഭരണഘടനാപരമായ എതിർപ്പില്ലെന്നും ‘ഇന്ത്യ’യെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്നും കഴിഞ്ഞ ദിവസം ശശി തരൂർ പ്രതികരിച്ചിരുന്നു.
എന്നാൽ ഇന്ത്യയെ ഭാരതം എന്നാക്കി മാറ്റണമെന്ന വാദത്തില്‍ പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി. ഉത്തരവാദിത്തപ്പെട്ടവര്‍ വിഷയത്തില്‍ വിശദീകരണം നല്‍കുമെന്നും ചരിത്രം വിശദീകരിക്കാതെ ഭരണഘടന അടിസ്ഥാനമാക്കി പ്രതികരിക്കണമെന്നും മോദി പറഞ്ഞു.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. രാജ്യത്തിന് ‘ഇന്ത്യ’എന്ന പേരിന് പകരം ‘ഭാരത്’ എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. പുതുതായി രൂപീകരിച്ച ‘ഇൻഡ്യ’ സഖ്യത്തെ ഭയന്ന് ചരിത്രത്തെ വളച്ചൊടിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നാണ് ഉയർന്നുവരുന്ന ആരോപണം.