തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തു. പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ സാഹചര്യത്തിലാണ് സർക്കാർ നടപടി. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ പ്രകാരമാണ് നടപടി. ലക്ഷ്മൺ കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തി. കർശന നടപടി വേണമെന്നും ഡി.ജി.പി ശുപാർശ ചെയ്തു. ആന്ധ്ര സ്വദേശികളുമായുള്ള മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ഐജി ലക്ഷ്മണനും ബന്ധമുണ്ടെന്നാണ് ഇഡി അന്വേഷിക്കുന്നത്. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസന്‍റെ പുരാവസ്തുക്കൾ ലക്ഷ്മൺ വില്പന നടത്താൻ ശ്രമിച്ചതിന്‍റെയും വിവരങ്ങൾ പുറത്തു വന്നിരുന്നു.
നേരത്തെ ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ നീട്ടാൻ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേർന്നാണ് സസ്‌പെൻഷൻ കാലാവധി നീട്ടാൻ നേരത്തെ തീരുമാനിച്ചത്. ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു. ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ നവംബര്‍ പത്തിന് ഐ.ജി ലക്ഷ്മണയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഐ.ജി ലക്ഷ്മണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസൻ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.