ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിലെത്തി. ജി20 ഉച്ചകോടിക്കായാണ് ബൈഡൻ ഡൽഹിയിലെത്തിയത്. ഡൽഹിയിലെ ഐടിസി മൌര്യ ഹോട്ടലിലായിരിക്കും ബൈഡൻ താമസിക്കുക. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസും ഡൽഹിയിലെത്തി. സെപ്റ്റംബർ 9, 10 ദിവസങ്ങളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ പ്രമുഖ രാജ്യമാണ് അമേരിക്ക. ഐടിസി മൌര്യ ഹോട്ടലിനും സമീപത്തുമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ബിൽ ക്ലിന്റൻ, ജോർജ് ഡബ്ല്യു ബുഷ്, ബരാക്ക് ഒബാമ, ഡൊണാൾഡ് ട്രംപ് അടക്കമുള്ള അമേരിക്കൻ പ്രസിഡന്റുമാർ താമസിച്ചിട്ടുള്ള ഹോട്ടലാണ് ഐടിസി മൌര്യ. 411 മുറികളും 26 സ്യൂട്ടുകളുമാണ് ഹോട്ടലിലുള്ളത്. ഉച്ചകോടിക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബൈഡൻ ഉഭയകക്ഷി ചർച്ച നടത്തും. ഉഭയകക്ഷി സഹകരണ കരാറുകളിൽ ഒപ്പുവയ്ക്കും.
പതിനെട്ടാമത് ജി20 നേതൃതല ഉച്ചകോടിക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾ, ബിഎസ്എഫ്, സിആർപിഎഫ്, ഡൽഹി പൊലീസ് എന്നീ സേനകൾ സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസത്തെ പൊതു അവധിയാണ്.
പ്രഗതി മൈതാനില്‍ പണിതുയര്‍ത്തിയ ഭാരത് മണ്ഡപത്തിലാണ് രണ്ടുദിവസത്തെ ഉച്ചകോടി നടക്കുക. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. പകരം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങുമാണ് പങ്കെടുക്കുക. വിശിഷ്ടാതിഥികള്‍ക്കായി ശനിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും. ഉച്ചകോടിയില്‍ ചര്‍ച്ചയാവുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കൊവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. ഞായറാഴ്ച രാവിലെ ജി 20 നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയും സന്ദര്‍ശിക്കും.