Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിപ; എറണാകുളം ജില്ലയിൽ മുൻകരുതൽ ശക്തമാക്കി

നിപ; എറണാകുളം ജില്ലയിൽ മുൻകരുതൽ ശക്തമാക്കി

കൊച്ചി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിപ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. നിലവില്‍ ജില്ലയില്‍ നിപ സംശയിക്കുന്ന കേസുകളില്ല. സംശയമുള്ള രോഗികളെ ചികിത്സിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി.

ഐസൊലേഷന്‍ സൗകര്യം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. എല്ലാ ആശുപത്രികളിലുമെത്തുന്നവര്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. നിപ കേസുകളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് എല്ലാ ആശുപത്രികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 21 ദിവസങ്ങള്‍ക്കിടെ കോഴിക്കോട് ജില്ലയില്‍ സന്ദര്‍ശിച്ച രോഗലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടണം.

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) നാലുമുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതിന് അനുസരിച്ച് രോഗവ്യാപനസാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയോ ചെയ്യുക. രോഗലക്ഷണങ്ങളുള്ളവരും പരിചരിക്കുന്നവരും എന്‍95 മാസ്‌ക് ധരിക്കണം. വവ്വാല്‍ കടിച്ച പഴങ്ങളോ ഭക്ഷ്യവസ്തുക്കളോ കഴിക്കാനോ സ്പര്‍ശിക്കാനോ പാടില്ല. ഇവ സ്പര്‍ശിച്ചാല്‍ കൈകള്‍ ഉടന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

സ്വകാര്യ ആശുപത്രികളുടെ സേവനവും പ്രയോജനപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 108 ആംബുലന്‍സുകളുടെ സേവനം പ്രയോജനപ്പെടുത്തും. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഉഷ ബിന്ദുമോള്‍, അസിസ്റ്റന്റ് കലക്ടര്‍ നിഷാന്ത് സിഹാര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.കെ ആശ, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി. രോഹിണി, കളമശ്ശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍, പ്രിന്‍സിപ്പല്‍ ഡോ. എസ്. പ്രതാപ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments