തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കും. അടുത്ത തവണ ചോദ്യംചെയ്യലിന് വിളിപ്പിക്കുമ്പോൾ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് ഇ.ഡിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നേരത്തേ തയാറാക്കിയ ചോദ്യാവലികൾ പരിഷ്കരിച്ച് പുതിയത് തയാറാക്കുകയാണ് ഇ.ഡി. 10 വർഷത്തെ ആദായ നികുതിയുടെയും ബാങ്ക് ഇടപാടുകളുടെയും വിവരങ്ങൾ നേരത്തേ മൊയ്തീനിൽനിന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയുടെ അപൂർണ വിവരങ്ങളാണ് കഴിഞ്ഞ 11ന് ഹാജരായപ്പോൾ നൽകിയത്. 10 മണിക്കൂർ ചോദ്യംചെയ്താണ് അന്ന് മൊയ്തീനെ വിട്ടയച്ചത്.
കഴിഞ്ഞ ദിവസം തൃശൂരിലും എറണാകുളത്തും നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ ലഭിച്ചിട്ടുണ്ടെന്നും മൊയ്തീന്റെ ബിനാമി ഇടപാടുകളെക്കുറിച്ച് തെളിവുകൾ ലഭിച്ചുവെന്നുമാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. സഹകരണ ബാങ്കുകളിലെ 10 നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ഈ തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാകും നടപടികളിലേക്ക് കടക്കുക.
സതീഷ്കുമാറിന്റെ ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു. തൃശൂരിലെയും കണ്ണൂരിലെയും ഇടപാടുകളും ബാങ്കുകളിലെ നിക്ഷേപ വിവരങ്ങളും എടുത്തു. സഹോദരിയുടെ പേരിലുള്ള നിക്ഷേപവും സതീഷ്കുമാറിന്റെ ബിനാമിയായാണ് കരുതുന്നത്. സതീഷ്കുമാറിന് മൊയ്തീനുമായി അടുത്ത ബന്ധവും ഇടപാടും ഉണ്ടെന്നാണ് ഇ.ഡി പറയുന്നത്. മൊയ്തീൻ ഇനി ഹാജരാകുമ്പോൾ നിർണായക നടപടി ഉണ്ടാകുമെന്ന് സി.പി.എം നേതൃത്വവും വിലയിരുത്തുന്നു. മൊയ്തീനൊപ്പമോ പിന്നാലെയോ സംസ്ഥാന കമ്മിറ്റി അംഗവും കഴിഞ്ഞ ദിവസം പരിശോധന നടത്തിയ തൃശൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണനെയും വിളിപ്പിക്കുമെന്നാണ് വിവരം. പാർട്ടി കേന്ദ്രങ്ങളിൽ ഈ വിഷയം സജീവ ചർച്ചയാണ്. മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്.