കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് പാര്‍ട്ടികള്‍ കടന്നിരിക്കുകയാണ്. സിപിഐഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പലരുടെയും പേരുകള്‍ ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ആ നിരയിലേക്ക് മറ്റൊരു പേര് കൂടി വീണ്ടും ഉയരുകയാണ്. അത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റേതാണ്. പത്തനംതിട്ട മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അച്ചു ഉമ്മന്റെ പേരും ഇടം നേടിയേക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്.
അതേ സമയം അച്ചു ഉമ്മന്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി ആകുന്നതിനോട് തനിക്ക് പൂര്‍ണ്ണ യോജിപ്പാണെന്ന് കോട്ടയം എംഎല്‍എ കൂടിയായ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു കഴിഞ്ഞു. അച്ചു ഉമ്മന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ താത്പര്യമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പാര്‍ട്ടിക്കൊരു ശീലമുണ്ട്. അത് അനുസരിച്ചാണ് ഇക്കാര്യങ്ങള്‍ ഒക്കെ വരിക. അച്ചു ഉമ്മന്‍ ഒരു വ്യക്തിയെന്ന നിലയില്‍ മിടുമിടുക്കിയാണ്. ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ സമ്മതമുള്ള കൊച്ചുമോളാണ്. അതിലെല്ലാം പൂര്‍ണയോജിപ്പാണ്. എന്നാല്‍ പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. അത് അതിന്റെ നടപടിക്രമത്തിലൂടെ മാത്രമേ നടക്കൂ.’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ശേഷമുള്ള ഒരു ഇടവേളയ്ക്കിപ്പുറം കണ്ടന്റ് ക്രിയേഷന്‍ രംഗത്ത് സജീവമായിരിക്കുകയാണ് അച്ചു ഉമ്മന്‍. വിദേശത്ത് സ്ഥിരതാമസമാക്കിയ അച്ചു ഉമ്മനും കുടുംബവും ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് തന്റെ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു അച്ചു. പിന്നീട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലും സജീവമായിരുന്നു. ഒരു ഘട്ടത്തില്‍ അച്ചു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹവും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഇല്ലെന്ന നിലപാടാണ് അച്ചു സ്വീകരിച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ആവശ്യം ഏറിയാല്‍ അച്ചു തീരുമാനം മാറ്റുമോ എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല.
‘കണ്ടന്റ് ക്രിയേഷന്‍ ‘എന്ന കലയെ ആശ്ലേഷിച്ചുകൊണ്ട് താന്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡാഷ് ആന്‍ഡ് ഡോട്ട് എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ സ്ലീവ്‌ലെസ് പാന്റ് സ്യൂട്ടിനൊപ്പം ഗുച്ചിയുടെ പേള്‍ മുത്തുകള്‍ പതിപ്പിച്ച ചുവന്ന ലെതറിലുള്ള മിനി ബ്രോഡ്വേ ബീ ഷോള്‍ഡര്‍ ബാഗാണ് അച്ചു സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.