Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്വിച്ചിട്ടത് പോലെ നിന്നുപോയ തെലങ്കാനയിലെ ബിജെപി തരംഗം; തിരികെയെത്തി കോണ്‍ഗ്രസ്

സ്വിച്ചിട്ടത് പോലെ നിന്നുപോയ തെലങ്കാനയിലെ ബിജെപി തരംഗം; തിരികെയെത്തി കോണ്‍ഗ്രസ്

തെലങ്കാനയിലെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റുകളില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 19 സീറ്റുകളാണ്. അതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ രണ്ട് സീറ്റ് കുറവാണ് ഇത്. രണ്ടാം തവണയും ബിആര്‍എസ് അധികാരത്തിലെത്തിയപ്പോള്‍ ഒരടി പോലും മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

അത് കഴിഞ്ഞ് മാസങ്ങള്‍ക്കകം ലോക്സഭ തിരഞ്ഞെടുപ്പ് വന്നു. സംസ്ഥാനത്തെ 17 സീറ്റുകളില്‍ ഒമ്പത് സീറ്റുകളില്‍ ബിആര്‍എസ് വിജയിച്ചു. നിയമസഭയില്‍ ഒരു എംഎല്‍എ മാത്രമുണ്ടായിരുന്ന ബിജെപി കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് നാല് സീറ്റുകള്‍ നേടി. മൂന്ന് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്.

ഈ ഘട്ടത്തില്‍ ബിആര്‍എസ് കോണ്‍ഗ്രസിന് അടുത്ത പ്രഹരം കൂടി നല്‍കി. ആകെയുണ്ടായിരുന്ന 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 എംഎല്‍എമാരെയും ബിആര്‍എസ് കൂറുമാറ്റി. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവില്ല എന്ന ഒരു അന്തരീക്ഷം രൂപപ്പെടാന്‍ ഇത് കാരണമായി. ലോക്സഭയിലേക്ക് നാല് സീറ്റ് നേടിയ ബിജെപി കോണ്‍ഗ്രസിനെ പിന്‍തള്ളി മുഖ്യപ്രതിപക്ഷമായേക്കും എന്ന തരത്തിലുള്ള ചര്‍ച്ച രാഷ്ട്രീയവൃത്തങ്ങളില്‍ സജീവമായി.

ഈ ചര്‍ച്ചയെ വ്യാപകമാക്കുന്ന തരത്തിലുള്ള ഇടപെടല്‍ ബിജെപി കേന്ദ്ര നേതൃത്വവും നടത്തി. ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് അന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി എംഎല്‍എ സ്ഥാനം രാജിവെച്ചു. അതിനെ തുടര്‍ന്ന് ഹുസുര്‍നഗറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉത്തംകുമാര്‍ റെഡ്ഡിയുടെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടു കൂടി ഇനി പോരാട്ടം ടിആര്‍എസും ബിജെപിയും തമ്മിലെന്ന ധാരണ സംസ്ഥാനത്ത് രൂപപ്പെട്ടു.

ബിആര്‍എസ് സിറ്റിങ് എംഎല്‍എയായിരുന്ന സോലിപ്പേട്ട രാമലിംഗ റെഡ്ഡി അന്തരിച്ചതിനെ തുടര്‍ന്ന് ധുബ്ബക്ക് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയെ ഞെട്ടിച്ച് ബിജെപി അട്ടിമറി വിജയം നേടി. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന കോണ്‍ഗ്രസ് വലിയ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പോയി.

പിന്നീട് ബിആര്‍എസില്‍ നിന്ന് പിണങ്ങിയതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാവും മന്ത്രിയുമായിരുന്ന എട്ടാല രാജേന്ദര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. അതിനെ തുടര്‍ന്ന് ഹുസുര്‍ബാദ് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 23,855 വോട്ടുകളുടെ വലിയ വിജയം രാജേന്ദര്‍ നേടി. രണ്ട് സിറ്റിങ് മണ്ഡലങ്ങളില്‍ ടിആര്‍എസിനെ പരാജയപ്പെടുത്തിയതോടെ സംസ്ഥാനത്ത് ബിജെപിയുടെ ഗ്രാഫ് വലിയ തോതില്‍ ഉയര്‍ന്നു.

ഈ വിജയങ്ങളുടെ ആവേശത്തിലാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലേക്ക് ബിജെപി കടന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാണാനാവാത്ത വിധം ബിജെപി ആ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തു. ബിആര്‍എസ് 55 സീറ്റ് നേടിയപ്പോള്‍ ബിജെപി നേടിയത് 48 സീറ്റുകളാണ്. നാല് സീറ്റില്‍ നിന്നായിരുന്നു 48ലേക്കുള്ള ബിജെപി കുതിപ്പ്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് ടിആര്‍എസിന് 44 സീറ്റാണ് നഷ്ടപ്പെട്ടത്. എഐഎംഐഎം 44 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിനാവട്ടെ കേവലം രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചു. പകരം ടിഡിപിയില്‍ നിന്ന് പാര്‍ട്ടിയിലെത്തിയ, എംപിയായ രേവന്ത് റെഡ്ഡിയെ സംസ്ഥാന അദ്ധ്യക്ഷനായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തു.

സംസ്ഥാന അദ്ധ്യക്ഷനായുള്ള രേവന്തിന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ല. കോണ്‍ഗ്രസില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പല നേതാക്കളും രേവന്തിന്റെ സ്ഥാനാരോഹണത്തെ എതിര്‍ത്തു. പാര്‍ട്ടി വളരെ മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും പാര്‍ട്ടിക്കകത്തെ പോരിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. എങ്കിലും താരതമ്യേന യുവാവായ രേവന്തിന്റെ വരവ് അവശേഷിച്ചിരുന്ന കോണ്‍ഗ്രസ് അണികളില്‍ ചെറിയ തരത്തിലുള്ള ആവേശമൊക്കെ സൃഷ്ടിച്ചിരുന്നു. തര്‍ക്കങ്ങളിലൂടെ കടന്നുപോവുമ്പോഴും കോണ്‍ഗ്രസ് കോട്ടകളില്‍ വലിയ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് പാര്‍ട്ടിയുടെ ദൃശ്യത പ്രകടിപ്പിക്കുന്നതില്‍ രേവന്ത് സദാ ശ്രദ്ധിച്ചിരുന്നു.

അതേ സമയം അട്ടിമറി വിജയങ്ങളിലൂടെ കോണ്‍ഗ്രസിനെ വലിയ തോതില്‍ മറികടന്നു എന്ന് തോന്നിപ്പിച്ചിരുന്ന ബിജെപിക്കുള്ളില്‍ ചെറിയ തോതിലുള്ള വിഭാഗീയത ആരംഭിച്ചു തുടങ്ങിയിരുന്നു. എങ്കിലും പുറമേക്ക് അത് പ്രകടമായിരുന്നില്ല. അതിനിടയില്‍ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന ആറ് എംഎല്‍എമാരില്‍ ഒരാളും കോണ്‍ഗ്രസ് എംപിയുമായ കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുടെ സഹോദരനുമായ രാജഗോപാല്‍ റെഡ്ഡിയെ ബിജെപി കൂറുമാറ്റി. എംഎല്‍എ സ്ഥാനം രാജിവെച്ച് രാജഗോപാല്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു.

മുനുഗോഡ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എന്നാല്‍ രാഗോപാല്‍ റെഡ്ഡിയായിരുന്നു. അത് കൊണ്ട് തന്നെ രാജഗോപാല്‍ റെഡ്ഡിക്ക് ലഭിക്കുന്ന ആ വോട്ടുകളും തങ്ങളുടെ വോട്ടുകളും ലഭിച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കണക്കുകൂട്ടല്‍ പരാജയപ്പെട്ടു. രാജഗോപാല്‍ റെഡ്ഡി തോറ്റു. ടിആര്‍എസ് ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ വിജയിച്ചു കയറി. തങ്ങളുടെ ഒരു ശക്തികേന്ദ്രം നഷ്ടപ്പെട്ടെങ്കിലും രാജഗോപാല്‍ റെഡ്ഡിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്.

മുനുഗോഡിലെ പരാജയം ബിജെപിക്കകത്തെ തര്‍ക്കം രൂക്ഷമാക്കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബന്തി സഞ്ജയ് കുമാറിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ എട്ടാല ചന്ദ്രശേഖറും രാജഗോപാല്‍ റെഡ്ഡിയുമടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. ബിജെപി കേന്ദ്ര നേതൃത്വം പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പല തവണ നോക്കിയെങ്കിലും എളുപ്പത്തില്‍ അത് സാധ്യമായില്ല. അതിനിടയിലാണ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് വന്നത്.

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ രാഷ്ട്രീയ ബലാബലത്തെ ആകെ മാറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ദയനീയമായ നിലയില്‍ നിന്നിരുന്ന കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റു വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ഒരുമിച്ച് നിന്ന് നേടിയ വിജയം വലിയ ഊര്‍ജ്ജമാണ് തെലങ്കാനയിലെ കോണ്‍ഗ്രസിന് നല്‍കിയത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിആര്‍എസിനെ നേരിടാന്‍ കോണ്‍ഗ്രസിനെ കഴിയൂ എന്ന ആഖ്യാനം വളരെ പെട്ടെന്ന് രൂപപ്പെട്ടു. അതിനെ മുതലെടുക്കുന്ന തരത്തില്‍ വലിയ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചുള്ള പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചു തുടങ്ങി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തിന് വലിയ ശ്രദ്ധ കൊടുത്തുള്ള നീക്കങ്ങളാണ് നടത്തിയത്. ഈ മാറ്റത്തെ നോക്കി നില്‍ക്കാനേ ബിജെപിക്ക് കഴിഞ്ഞുള്ളൂ. വലിയൊരു മുന്നേറ്റം ഒറ്റ ദിവസം കൊണ്ട് നിന്ന് പോയത് പോലെയുള്ള അനുഭവമാണ് ബിജെപിക്കുണ്ടായത്. അവസാനം പുറത്തുവന്ന എബിപി സര്‍വേയില്‍ പറയുന്നത് 119 അംഗ നിയമസഭയില്‍ ബിആര്‍എസിനെ മറികടന്ന് കോണ്‍ഗ്രസ് 60വരെ സീറ്റുകള്‍ നേടുമെന്നാണ്. ബിആര്‍എസ് 55 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പറയുന്നത്. അതേ സമയം ഒരു കാലത്ത് കോണ്‍ഗ്രസിനെ മറികടന്ന് മുന്നേറുന്നു എന്ന് തോന്നിപ്പിച്ചിരുന്ന ബിജെപിക്ക് അഞ്ച് മുതല്‍ 11 സീറ്റുകള്‍ വരെ മാത്രമാണ് സര്‍വേ പ്രവചിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ മടങ്ങിയെത്താനുള്ള ശ്രമം ബിജെപി സജീവമാക്കിയിട്ടുണ്ട്. ബന്തി സഞ്ജയ് കുമാറിന് പകരം സംസ്ഥാന അദ്ധ്യക്ഷനായ ജി കിഷന്‍ റെഡ്ഡിയുടെ നേൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. തിരഞ്ഞെടുപ്പിനെ നേരിടാന്‍ 14 കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. കിഷന്‍ റെഡ്ഡിയോടൊപ്പം മറ്റ് മുതിര്‍ന്ന നേതാക്കളെയും വിവിധ കമ്മറ്റികളുടെ തലപ്പത്തേക്ക് കൊണ്ടുവന്നതിനാല്‍ നേതൃതലത്തില്‍ വെടിനിര്‍ത്തലുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം ബിആര്‍എസും ബിജെപിയും തമ്മില്‍ അപ്രഖ്യാപിത ധാരണയുണ്ടെന്ന കോണ്‍ഗ്രസ് പ്രചരണം തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് പല ബിജെപി നേതാക്കളും സമ്മതിക്കുന്നു. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി ബിആര്‍എസിനെ തള്ളിക്കൊണ്ട് പ്രസംഗിച്ചത് തങ്ങളെ സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഗോദയില്‍ പല വിജയങ്ങള്‍ നേടിയെങ്കിലും പല മണ്ഡലങ്ങളിലും ബൂത്ത് തലത്തില്‍ പ്രവര്‍ത്തരകരില്ലാത്തതും ബിജെപിയുടെ പ്രതീക്ഷകളെ അട്ടിമറിക്കുന്നതാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com