ന്യൂഡൽഹി: ‘ഓപറേഷൻ അജയി’യുടെ ഭാഗമായി ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ട് വിമാനങ്ങൾ കൂടി ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഞായറാഴ്ച പുലർച്ചെയെത്തിയ ആദ്യവിമാനത്തിൽ 198ഉം രാവിലെ എത്തിയ രണ്ടാം വിമാനത്തിൽ 197ഉ പേരുമാണ് ഉണ്ടായിരുന്നത്.
രണ്ടു യാത്രാസംഘങ്ങളിലുമായി രണ്ട് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 18 വീതം മലയാളികളാണുണ്ടായിരുന്നത്. തിരിച്ചുവന്ന മലയാളികളിൽ അധികവും വിദ്യാർഥികളാണ്. ഇതുവരെ നാല് വിമാനങ്ങളാണ് ഓപറേഷൻ അജയിയുടെ ഭാഗമായി ഇസ്രായേലിൽനിന്ന് ഇതുവരെ എത്തിയത്.
കേന്ദ്രസഹമന്ത്രി വി.കെ. സിങ് യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ കാത്തുനില്‍ക്കാതെ പൗരന്മാരെ കഴിയുന്നതും വേഗത്തില്‍ ഒഴിപ്പിക്കുന്നതിനാണ് രാജ്യം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേലിലെ പ്രധാന നഗരമായ തെൽഅവീവില്‍ സ്ഥിതിഗതികള്‍ ഏറക്കുറെ ശാന്തമാണെങ്കിലും അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും യുദ്ധത്തിനുള്ള സാധ്യതയുണ്ടെന്നും തിരികെയെത്തിയവര്‍ വ്യക്തമാക്കി.