കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ ഏജന്‍സി. ഈ മാസം 31നകം ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍, പി. സതീഷ്‌കുമാര്‍, പി.പി. കിരണ്‍, സി.കെ. ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍. ഇവരുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് കുറ്റപത്രം വേഗത്തിലാക്കുന്നത്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ. കണ്ണനെയും എ.സി. മൊയ്തീനെയും ഉള്‍പ്പെടെ ഇ.ഡി ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നില്ല. അന്വേഷണം അവസാനിപ്പിക്കില്ലെന്നും കണ്ണനിലേക്കടക്കം വിശദ അന്വേഷണം അടുത്ത ഘട്ടത്തിലുണ്ടാകുമെന്നുമാണ് സൂചന.
കേസിലെ കള്ളപ്പണം ഇടപാടില്‍ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചയും തുടർന്നു. ഒന്നാം പ്രതിയും മൂന്നാം പ്രതിയും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് ഇ.ഡി കരുതുന്ന പെരിങ്ങണ്ടൂര്‍ ബാങ്കിന്‍റെ പ്രസിഡന്‍റ് എം.ആര്‍. ഷാജന്‍ ചോദ്യം ചെയ്യലിന് ഹാജരായി. പ്രതികൾ ബാങ്കില്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ചോദ്യം ചെയ്യല്‍. മറ്റു ചിലരെയും തിങ്കളാഴ്ച ചോദ്യം ചെയ്തു.
റിമാൻഡിലുള്ള അരവിന്ദാക്ഷന്‍റെയും ജില്‍സിന്‍റെയും ജാമ്യാപേക്ഷ കലൂര്‍ പി.എം.എല്‍.എ കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇരുവരും പ്രധാന പ്രതികളാണെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡി നിലപാട്.