കൊച്ചി: ‘ഇന്‍ഡ്യാ’ മുന്നണിയിലെ ഏകോപന സമിതികള്‍ അനാവശ്യമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജാതി സെന്‍സസ് നടത്താന്‍ ആവശ്യപ്പെടുകയെന്നതടക്കം പല തീരുമാനങ്ങളും റദ്ദാക്കേണ്ടി വന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എതിര്‍ത്തതോടെയാണ് ജാതി സെന്‍സസ് ആവശ്യം വേണ്ടെന്ന് വെച്ചത്. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമാവുകയാണ്. എല്ലാ പാര്‍ട്ടികളുടേയും പ്രധാനപ്പെട്ട നേതാക്കളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. സമിതികള്‍ തടസ്സമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി ക്ലോസ് എന്‍കൗണ്ടറിലായിരുന്നു പ്രതികരണം. ഇന്‍ഡ്യാ സഖ്യം മുന്നേറ്റമുണ്ടാക്കുമെന്ന് ഉറപ്പുണ്ടെന്നും യെച്ചൂരി പറഞ്ഞു.
സീറ്റ് ധാരണയില്‍ അന്തിമ തീരുമാനമെടുക്കുന്നത് സഖ്യത്തിലെ പ്രധാനപ്പെട്ട നേതാക്കളാണ്. എന്നാല്‍ സംസ്ഥാനങ്ങളിലെ സാഹചര്യം വ്യത്യസ്തമാണ്. ഇന്‍ഡ്യാ രൂപീകരണത്തില്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കണക്കെലടുത്താവും സീറ്റ് ധാരണ. 2004 ലെ ശക്തി ഇപ്പോള്‍ ഇടതുപക്ഷത്തിന് ഇല്ല. അതില്‍ സംശയമില്ല. എന്നാല്‍ ഇന്ന് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ബിജെപി ഇതര പാര്‍ട്ടിക്ക് മിണ്ടാതിരിക്കാന്‍ കഴിയുമോ. അതാണ് ഇന്നത്തെ ഇടതുപക്ഷത്തിന്റെ പങ്ക് എന്നും സീതാറാം യെച്ചൂരി ചൂണ്ടികാട്ടി.
ജാതി സെന്‍സസിനെ ഇടതുപക്ഷം പിന്തുണക്കുന്നുവെന്നും സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കി. ബീഹാറില്‍ നിതീഷ് കുമാര്‍ സംഘടിപ്പിച്ചത് ജാതി സര്‍വ്വേയാണ്. സര്‍വ്വേയും സെന്‍സസും രണ്ടാണ്. ഭരണഘടന പ്രകാരം കേന്ദ്രസര്‍ക്കാരിന് മാത്രമേ ജാതി സെന്‍സസ് സംഘടിപ്പിക്കാനാകൂവെന്നും യെച്ചൂരി വിശദീകരിച്ചു. ഇതൊരു തിരഞ്ഞെടുപ്പ് വിഷയമല്ല, സാമൂഹിക നീതി ഏത് വിധത്തില്‍ നടപ്പിലാക്കുന്നുവെന്നതാണ് പ്രധാനം. സാമ്പത്തിക പിന്നാക്കാവസ്ഥയും പ്രധാനപ്പെട്ടതാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച ഭാരത് ജോഡോ യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും എന്നാല്‍ അത് വോട്ടാക്കി മാറ്റാനാകുമോയെന്ന് കണ്ടറിയണമെന്നും ചോദ്യത്തോട് യെച്ചൂരി പ്രതികരിച്ചു. കോണ്‍ഗ്രസിനോടും രാഹുല്‍ ഗാന്ധിയോടുമുള്ള ജനങ്ങളുടെ കാഴ്ച്ചപ്പാടില്‍ ഭാരത് ജോഡോ യാത്ര മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ ഭാവി ഇന്ത്യ നിങ്ങളുടെയൊ എന്റെയോ അഭിപ്രായത്തിലൂടെയല്ല ഉണ്ടാവുക. ജനങ്ങളാണ് തീരുമാനിക്കേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതും. സര്‍വ്വേകള്‍ പലതും പറയും. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ജനജീവിതം ദുസ്സഹമായിരിക്കുന്നു. അവര്‍ തീരുമാനിക്കും. അടിയന്തരാവസ്ഥയെ തോല്‍പ്പിച്ചത് ജനങ്ങളാണ്’ സീതാറാം യെച്ചൂരി പറഞ്ഞു.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് എല്‍ഡിഎഫിന് കുഴപ്പമില്ല. കഴിഞ്ഞ തവണ രാഹുല്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുമ്പോഴും സിപിഐഎം ഉള്‍പ്പെടെ എല്ലാ മതേതര മുന്നണികളും ഒറ്റകെട്ടായിരുന്നു. ഇത്തവണ അങ്ങനെ സംഭവിക്കുകയാണെങ്കിലും ദേശീയതലത്തില്‍ നിങ്ങള്‍ ഒരുമിച്ചല്ലേയെന്ന സാങ്കേതികത്വം ചൂണ്ടികാണിക്കേണ്ടതില്ല. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമില്ല. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയപക്വതയുള്ളവരാണ്. അവരുടെ ബുദ്ധിയെ കുറച്ച് കാണരുതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ മാര്‍ക്കിടേണ്ടത് ജനങ്ങളാണ് താനല്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സഹതാപതരംഗം ഉണ്ടായി. ആ യാഥാര്‍ത്ഥ്യത്തെ മറക്കരുത്. പരാജയത്തിന്റെ കാരണം അതാണെന്നും യെച്ചൂരി പറഞ്ഞു. സഹകരണ വകുപ്പില്‍ വേണ്ടത് ചെയ്യാന്‍ സര്‍ക്കാരിന് പ്രാപ്തിയുണ്ട്. പാര്‍ട്ടിയും വേണ്ടത് ചെയ്യുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.