തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതിനു പിന്നിൽ കൊടിയ അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സാധാരണക്കാരന്റെ ആരോഗ്യം വച്ച് അഴിമതി നടത്തുകയാണ് സര്‍ക്കാര്‍. മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
ഈ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു എന്ന യു.ഡി.എഫിന്റെ ആരോപണത്തിന് അടിവരയിടുന്ന കാര്യങ്ങളാണ് പുറത്തുവരുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനെപ്പറ്റി ഉള്ളത്. മഹാമാരിയുടെ കാലത്ത് ആയിരക്കണക്കിന് കോടി രൂപയുടെ പര്‍ച്ചേസ് നടത്തി പി.പി.ഇ.കിറ്റ്, മാസ്‌ക് ഗ്ലൗസ്, തെര്‍മോമീറ്റര്‍, ഫ്രിഡ്ജ് തുടങ്ങിയവ നൂറു ശതമാനം മുതല്‍ 300 ശതമാനം വരെ ഇരട്ടി മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങിച്ചു എന്ന ആരോപണങ്ങള്‍ ഉണ്ടായിരിക്കുകയാണ്. ഇത് സംബന്ധിച്ച് നിയമസഭയില്‍ ആരോപണം ഉന്നയിക്കുകയും, ലോകായുക്തയില്‍ കേസ് പെന്റിംഗിലുമാണ്. ലോകായുക്തയിലെ കേസ് റദ്ദാക്കാന്‍ ഗവണ്‍മെന്റ് ഹൈക്കോടതിയെ സമീപിച്ചിട്ട് ഹൈക്കോടതി അതില്‍ ഇടപെടില്ല, ലോകായുക്തയിലെ കേസ് നടക്കട്ടെയെന്ന് പറഞ്ഞു. ഇതു നടക്കുമ്പോഴാണ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പേഷനുമായി ബന്ധപ്പെട്ട് വരുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇപ്പോള്‍ കിട്ടിയിരിക്കുന്ന പ്രധാനപ്പെട്ട വിവരം സി.ആന്‍ഡ് എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 1610 ബാച്ച് മരുന്നുകള്‍ കാലാവധിയെ സംബന്ധിച്ച നിബന്ധനകള്‍ പാലിക്കാത്തതാണെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. 75 ശതമാനം കാലാവധി വേണമെന്നാണ്. നാല് വര്‍ഷത്തേയ്ക്ക് കാലാവധി ഉള്ള ഒരു മരുന്ന് കോര്‍പ്പറേഷന്റെ കയ്യില്‍ കിട്ടുമ്പോള്‍ ഏറ്റവും കുറഞ്ഞത് മൂന്ന് വര്‍ഷത്തേയ്‌ക്കെങ്കിലും പിന്നീട് കാലാവധി വേണം. അപ്പോഴാണ് കാലാവധി തീരുന്നതിനുമുമ്പ് ആളുകള്‍ക്ക് വിതരണം നടത്താന്‍ കഴിയുക. അങ്ങനെയല്ല ചെയ്യുന്നതെങ്കില്‍ ഇത് തിരിച്ചുകൊടുത്ത് പിഴ ഈടാക്കി പണം തിരികെ പിടിക്കണം. അങ്ങനെ ചെയ്തിട്ടേയില്ല. മാത്രവുമല്ല 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തിരിക്കുകയാണ്. നിലവാരമില്ലാത്തതിനാല്‍ വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികളില്‍ വിതരണം ചെയ്തു. 148 ആശുപത്രികളിലേയ്ക്ക്, വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട മരുന്നുകള്‍ നല്‍കി. കാലാവധി കഴിഞ്ഞ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ സാധാരണക്കാര്‍ക്ക് നല്‍കിയത് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കാലവധി പൂര്‍ത്തിയായ മരുന്നുകള്‍ വില്‍ക്കാന്‍ പറ്റില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. നിയമം അനുസരിച്ച് അത് നശിപ്പിച്ച് കളയണം. ആ മരുന്നുകള്‍ യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലയുടെ 10 മുതല്‍ 20 ശതമാനം മാത്രം വാങ്ങി വില്‍ക്കുകയാണ്. ബാക്കി 80 ശതമാനം കൊള്ളയായി പോകും. 100 കോടി രൂപയുടെ കാലാവധി കഴിയാറായ മരുന്നോ കാലാവധി കഴിഞ്ഞ മരുന്നോ വാങ്ങിച്ചാല്‍ അവര്‍ ടെന്‍ഡര്‍ എല്ലാം എഗ്രിമെന്റ് ചെയ്ത് ഈ കമ്പനി 100 കോടി രൂപയുടെ മരുന്നു കൊടുക്കും. 100 കോടി രൂപ അവര്‍ക്ക് പെയ്‌മെന്റും കൊടുക്കും. അതില്‍ 10- 20 കോടി രൂപ മാത്രമാണ് അവര്‍ വാങ്ങുന്നത്. ബാക്കി 80 ശതമാനം രൂപ കോഴ ആയി പോകും. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴും തുടരുന്നത് കാലാവധി കഴിയാറായ മരുന്നുകളും കാലാവധി കഴിഞ്ഞ മരുന്നുകളും വാങ്ങി പാവപ്പെട്ട ആളുകള്‍ക്ക് നൂറു കണക്കിന് ആശുപത്രികളിലൂടെ വിതരണം ചെയ്യുന്ന ഞെട്ടിക്കുന്ന ഇടപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
54049 ബാച്ച് മരുന്നുകളില്‍ ആകെ പരിശേധിച്ചത് 8700 ബാച്ച് മാത്രമാണെന്ന് വി ഡി സതീശൻ പറഞ്ഞു. അതില്‍ 44 ഇനം മരുന്നുകള്‍ക്ക് ഒരു ഗുണനിലവാര പരിശോധനയും ഇതുവരെ നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ മരുന്നുപോലും പരിശോധിച്ചില്ല. മരുന്നു പരിശോധിക്കാതെ ഏതു ചാത്തന്‍ മരുന്നും കൊടുക്കുന്ന സ്ഥിതിയാണ്. മനുഷ്യന്റെ ആരോഗ്യം തന്നെ പോകുന്ന തരത്തില്‍ ഈ സര്‍ക്കാരിന്റെ അഴിമതി പോയിരിക്കുകയാണ്. പല പര്‍ച്ചേസുകള്‍ക്കും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ അപ്രൂവല്‍ കൊടുത്തിട്ടുള്ളതാണ്. നിഷ്പക്ഷമായ ഏജന്‍സിയെക്കൊണ്ട് ഈ കൊള്ള അടിയന്തരമായി അന്വേഷിക്കണം. അഴിമതിയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.