കളമശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ നിര്‍ണായ മൊഴി പുറത്ത്. സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നും രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം പറയാമെന്നും മാര്‍ട്ടിന്‍ പറഞ്ഞതായാണ് ഭാര്യയുടെ മൊഴി.
പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്‌ഫോടനം നടന്ന ശേഷമാണ് ഫോണ്‍ വന്ന കാര്യം താന്‍ ഓര്‍ത്തെടുത്തതെന്നും ഭാര്യ മൊഴിയില്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെ ഫോണില്‍ ബന്ധപ്പെട്ടത് ആരാണെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. സ്‌ഫോടനത്തിന് ശേഷം ഒരു സുഹൃത്തിനെയും മാര്‍ട്ടിന്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സുഹൃത്ത് തന്നെയാണോ സംഭവദിവസം തലേന്ന് രാത്രി മാര്‍ട്ടിനെ വിളിച്ചതെന്നുമാണ് അന്വേഷിക്കുന്നത്.
അതേസമയം മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ ലഭ്യമായ തെളിവുകള്‍ പ്രകാരം മാര്‍ട്ടിന്‍ തന്നെയാണ് കേസിലെ ഏക പ്രതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.24 മണിക്കൂറിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്ന് തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.
മാര്‍ട്ടിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ആളുകള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് നീക്കം. വളരെ ആസൂത്രിതമായി കൃത്യം നടത്താന്‍ ഒറ്റക്ക് മാര്‍ട്ടിന് എങ്ങനെ സാധിച്ചു എന്നതടക്കമുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്.