തിരുവനന്തപുരം: അധ്യാപകരുടേയും ജീവനക്കാരുടേയും അവകാശങ്ങളും ആനുകൂല്യങ്ങളും നിരന്തരമായി നിഷേധിച്ച് അവരെ പണിമുടക്കിലേക്ക് സർക്കാർ തള്ളി വിടുകയാണെന്ന് രമേശ് ചെന്നിത്തല. സെറ്റോയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് അധ്യപക ഭവനിൽ നടന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർലമെൻറ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജീവനക്കാരുടെ ശമ്പളം കൂടി കവർന്നെടുക്കാനുള്ള ഗൂഢനീക്കത്തിലാണ് സർക്കാർ. അനിയന്ത്രിതമായ വിലക്കയറ്റമാണ് സംസ്ഥാനത്തിലുള്ളത്. ഇടതുപക്ഷ യൂണിയനുകൾ കേന്ദ്ര സർക്കാരിനെ കുറ്റം പറയുമ്പോൾ കേരളത്തിലെ ഗവൺമെന്റിന്റെ ധൂർത്തും കൊള്ളയും കാണാതെ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ തുടർ ഭരണത്തിന്റെ കാലത്ത് സമസ്ത മേഖലകളിലും അഴിമതി സർവസാധാരണമായി.
ആറ് ഗഡു (18 ശതമാനം) ക്ഷാമബത്ത, ശമ്പള കുടിശ്ശിക, ലീവ് സറണ്ടർ എന്നിവ തടഞ്ഞുവച്ചിരിക്കുന്നു. ചികിത്സാ സഹായങ്ങൾ എല്ലാം അട്ടിമറിച്ചിരിക്കുന്നു. പങ്കാളിത്ത പെൻഷനിൽ ഇരട്ടത്താപ്പ് തുടരുന്നു. ഇത്തരം നീതി നിഷേധങ്ങൾക്കെതിരെ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ പ്രചരണ ജാഥ സംഘടിപ്പിക്കണം. അവഗണനയും നീതി നിഷേധവും നേരിടുന്ന എല്ലാ വിഭാഗത്തിൽപ്പെട്ടവരേയും അണിനിരത്തി കൊണ്ടാകണം ജനുവരി 24 ലെ പണിമുടക്കെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.