Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോകകപ്പ് ക്രിക്കറ്റ്; ആസ്‌ട്രേലിയക്ക് ആറാം ലോകകിരീടം

ലോകകപ്പ് ക്രിക്കറ്റ്; ആസ്‌ട്രേലിയക്ക് ആറാം ലോകകിരീടം

അഹമ്മദാബാദ്: 142 കോടി ഇന്ത്യക്കാരെ കണ്ണീരിലാഴ്ത്തി ട്രാവിസ് ഹെഡ്. ഏകദിന ലോകകപ്പ് ഫൈനലിൽ സെഞ്ച്വറിയുമായി ഹെഡ്(137) മുന്നിൽ നിന്ന് നയിച്ചപ്പോൾ കംഗാരുപ്പട ആറാം ലോകകിരീടം ഷെൽഫിലെത്തിച്ചു. ആറു വിക്കറ്റിനായിരുന്നു ആസ്ട്രേലിയയുടെ ജയം. കട്ടക്ക് കൂടെ നിന്ന മാർനസ് ലബുഷെയിനും(58) ആസ്‌ട്രേലിയൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ 50 ഓവറിൽ 240ന് ഓൾഔട്ട്. ആസ്‌ട്രേലിയ 43 ഓവറില്‍ 241.

241 എന്ന ചെറിയ സ്‌കോറിൽ ഇന്ത്യയുടെ പ്രതീക്ഷകൾ ബൗളർമാരിലായിരുന്നു. ആ വഴിക്ക് തന്നെയാണ് പത്ത് ഓവർ കഴിയുംവരെ കാര്യങ്ങൾ നീങ്ങിയിരുന്നത്. ആസ്ട്രേലിയയുടെ സ്‌കോർ 16ൽ നിൽക്കെ ഡേവിഡ് വാർണർ പുറത്ത്. മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നൽകിയത്. വാർണറെ കോഹ്ലിയുടെ കൈകളിലാണ് അവസാനിപ്പിച്ചത്. പിന്നാലെ എത്തിയ മിച്ചൽ മാർഷ് അടിച്ചുകളിച്ച് നയം വ്യക്തമാക്കി.

എന്നാൽ 15 പന്തിന്റെ ആയുസെ മാർഷിനുണ്ടായിരുന്നുള്ളൂ. ബുംറയുടെ മികച്ചൊരു പന്തിൽ വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലിന് ക്യാച്ച്. തട്ടിമുട്ടി നിന്ന സ്മിത്തും ബുംറക്ക് മുന്നിൽ വീണതോടെ ആസ്‌ട്രേലിയ അപകടം മണത്തു. 47ന് മൂന്ന് എന്ന നിലയിൽ ആയി ആസ്‌ട്രേലിയ. എന്നാൽ ഓപ്പണറായി എത്തിയ ട്രാവിസ് ഹെഡ്, മാർനസ് ലബുഷെയിനെ കൂട്ടുപിടിച്ച് സ്‌കോർബോർഡ് പതിയെ ഉയർത്തി. ഇതിനിടെ ഹെഡ് മോശം പന്തുകളെ ശിക്ഷിക്കുന്നുണ്ടായിരുന്നു. അതിനാൽ റൺറേറ്റ് താഴാതെ നിന്നു. മാർനസ് ലബുഷെയിൻ ഒരറ്റത്ത് വിക്കറ്റ് വീഴാതെ നോക്കി.

ഇന്നിങ്‌സ് പുരോഗമിക്കുന്തോറും ഇരുവരും പതിയെ കളി പിടിച്ചു. ഇന്ത്യക്കൊരു പഴുതും കൊടുക്കാതെയായിരുന്നു ഇരുവരും മനോഹരമായി ഇന്നിങ്‌സ് പടുത്തത്. ഷമിയും ബുംറയും സിറാജും പിന്നെയും എറിഞ്ഞെങ്കിലും കൂട്ടുകെട്ട് പൊളിക്കാൻ കഴിഞ്ഞില്ല. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജക്കും കുല്‍ദീപിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

അതിനിടെ നേരിട്ട 95ാം പന്തിൽ ഹെഡ് സെഞ്ച്വറി തികച്ചു. അതോടെ കളി ഇന്ത്യയുടെ കയ്യിൽ നിന്നും പോയി. പിന്നെ എത്രവേഗത്തിൽ തീർക്കുമെന്നായി. വിജയലക്ഷ്യത്തിന് രണ്ട് റണ്‍സ് അകലെയാണ് ഹെഡ് വീണത്. മാക്സ് വെല്ലാണ് വിജയ റണ്‍സ് നേടിയത്. ലബുഷെയിനെ പുറത്താക്കാനും കഴിഞ്ഞില്ല. 120 പന്തുകളിൽ നിന്ന് പതിനഞ്ച് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ഹെഡിന്റെ സുന്ദര ഇന്നിങ്‌സ്. ലബുഷെയിൻ 110 പന്തുകളിൽ നിന്നാണ് 58 റൺസ് നേടിയത്. നാല് ഫോറുകളെ ലബുഷെയിൻ നേടിയുള്ളൂ.

പത്തും ജയിച്ച് കപ്പിലേക്ക് ഒരു ജയം എന്ന നിലയിൽ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ഫൈനൽ കളിക്കാൻ എത്തിയ രോഹിത് ശർമ്മക്കും സംഘത്തിനും ടോസിൽ തന്നെ പിഴച്ചു. ടോസ് നേടിയ പാറ്റ് കമ്മിൻസ് ഒന്നും നോക്കാതെ ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. പിച്ചിലെ ആനുകൂല്യം മുതലാക്കി ആസ്‌ട്രേലിയൻ പേസർമാർ, കത്തിക്കയറിയ ഇന്ത്യൻ ടോപ് ഓർഡറിനെ പിടിച്ചു.

നായകൻ രോഹിത് തനത് ശൈലിയിൽ ബാറ്റ് വീശിയെങ്കിലും ഏഴ് റൺസെടുത്ത ഗില്ലിനെ സ്റ്റാർക്ക് മടക്കി ഞെട്ടിച്ചു. വേഗത്തിൽ രണ്ട് വിക്കറ്റുകൾ കൂടി വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നെ കോഹ്ലിയുടെയും ലോകേഷ് രാഹുലിന്റെയും രക്ഷാപ്രവർത്തനങ്ങളായിരുന്നു. ഇടയ്ക്കിടയ്ക്ക് വിക്കറ്റ് വീണതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗത കുറഞ്ഞു. 66 റൺസ് നേടിയ ലോകേഷ് രാഹുലാണ് ടോപ് സ്‌കോറർ.കോഹ്ലി 54ഉം രോഹിത് ശർമ്മ 47ഉം റൺസെടുത്തു. ആസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും ഹേസിൽവുഡ് കമ്മിൻസ് എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments