കോഴിക്കോട്: കോൺഗ്രസ്-മുസ്ലിംലീഗ് ഐക്യദാർഢ്യപ്രഖ്യാപനമായി കോഴിക്കോട്ടെ കോൺഗ്രസ് സംഘടിപ്പിച്ച പലസ്തീൻ റാലി. പലസ്തീൻ വിഷയത്തിൽ ഭിന്നതയിലായിരുന്ന കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു റാലി. പലസ്തീൻ വിഷയത്തിൽ എന്നും ശക്തമായ നിലപാട് ഇന്ത്യ എടുത്തിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. എന്നാൽ കെണിയിൽ വീഴാതെ ശക്തമായ നിലപാട് സ്വീകരിച്ചതിന് തങ്ങൾക്ക് നന്ദിയുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിൻ്റെ പരാമശം. പരിപാടിയിൽ ലീഗ് വേദിയിലെ ഹമാസ് വിരുദ്ധ പരാമർശത്തിനും ശശി തരൂർ വിശദീകരണം നൽകി. നേരത്തെ ഈ പരാമർശം ബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയിരുന്നു.
ഇന്ത്യ നേരത്തെ സ്വീകരിച്ച നിലപാടിനൊപ്പമാണ് ഇന്ത്യൻ ജനതയെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ലോക സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ ഇത്തരം റാലികൾക്ക് കഴിയുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കോൺഗ്രസ് ലീഗും തമ്മിൽ ഉള്ള ബന്ധം ശക്തമായി മുന്നോട്ട് പോകും. വിളികളും ഉൾവിളികളും ഉണ്ടാകും. എന്നാൽ അധികാരമല്ല നിലപാടാണ് പ്രധാനം. നിലപാടാണ് മുന്നണി ബന്ധത്തെ ശക്തിപ്പെടുത്തുകയെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
പലസ്തീനിൽ നടന്ന അക്രമണങ്ങൾ ലോക ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. നെഹ്‌റുവും ഇന്ദിരയും രാജീവും എന്നും പലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്. എല്ലാ കാലത്തും കോൺഗ്രസ് ഭരിക്കുമ്പോൾ എന്നും പലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇപ്പോൾ അമേരിക്കയെക്കാൾ വേഗത്തിൽ ഇസ്രായേലിനു പിന്തുണ നൽകിയത് മോദിയാണ്. മോദിക്ക് എന്താണ് ഇസ്രായേലിനോട് ഇത്ര മമത?. യുദ്ധം വേണ്ട എന്ന് യൂ എന്നിൽ പ്രമേയത്തെ അനുകൂലിക്കാൻ പോലും ഇന്ത്യ തയ്യാറായില്ല എന്നത് അപമാനകരമാണ്. മോദിയും നെതന്യാഹുവും ഒരേ ടൈപ്പാണ്. ഒരാൾ വശീയ വാദി, ഒരാൾ സയണിസ്റ്റ്. കോൺഗ്രസിന്റെ നയത്തിൽ ചിലർക്ക് സംശയമുണ്ട്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്നാണ്. അമേരിക്കക്ക് മുന്നിലും ചൈനയുടെ മുമ്പിലും കവാത്ത് മറക്കുന്നവർ അല്ല ഞങ്ങൾ. പലസ്തീൻ അനുകൂല നയമാണ് കോൺഗ്രസിനുള്ളത്. ഞങ്ങളുടെ നയം ഇരുമ്പ് മറക്കുള്ളിൽ തീരുമാനിക്കുന്നതല്ല. പലസ്തീന് അനുകൂലമായി കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കിയതാണ്. ഈ പ്രമേയം എല്ലാ കോൺഗ്രസ് കാർക്കും ബാധകമാണ്. ജാതിയുടെയും മതത്തിന്റെയും വരമ്പിൽ കെട്ടിപിടിച്ചു നിക്കേണ്ട വിഷയമല്ലെന്നും വേണുഗോപാൽ പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനോട് ബഹുമാനമുണ്ട്. നിലപാടിൽ ഉറച്ചു നിന്നു. ആരുടെയും കെണിയിൽ വീഴില്ല. സാദിഖലി തങ്ങളും കുടുംബവും ഇതേ നിലപാട് സ്വീകരിച്ചുവെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ ഹമാസ് വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തി. അന്നത്തെ മുപ്പത് മിനിറ്റിൽ കൂടുതലുള്ള പ്രസംഗത്തിൽ പറഞ്ഞത് പലസ്തീൻ ജനതയ്ക്കൊപ്പം എന്നാണെന്ന്ന ശശി തരൂർ പറഞ്ഞു. ഒരിടത്തും ഇസ്രായേലിനു അനുകൂലമായി പറഞ്ഞിട്ടില്ല. മത വിഷയമായി കാണരുതെന്നാണ് പറഞ്ഞത്. കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് തന്റെയും നിലപാട്. യുദ്ധം നടക്കുമ്പോൾ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണെന്നും ശശിതരൂർ പറഞ്ഞു.