തിരുവനന്തപുരം: ജനപിന്തുണ തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പിലാണെന്നും നവകേരള സദസ്സിനുള്ള ജനപിന്തുണ തെരഞ്ഞെടുപ്പിൽ കാണാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവകേരള സദസ്സിന്റെ ജനപിന്തുണ പറവൂരില്‍ കാണാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ അംഗങ്ങള്‍, ആശ വര്‍ക്കാര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തി ജനപിന്തുണ കാണിക്കാനാണെങ്കില്‍ അതിന് പറവൂരില്‍ വരേണ്ട കാര്യമില്ല. നവകേരള സദസ്സിന്റെ പേരില്‍ മുഖ്യമന്ത്രി എല്ലാദിവസവും വെല്ലുവിളികള്‍ നടത്തുകയും അക്രമത്തിന് ആഹ്വാനം നടത്തുകയുമാണ് ചെയ്യുന്നത്.
നവകേരള സദസ്സിനുവേണ്ടി തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും മാനന്തവാടി ജി.വി.എച്ച്.എസ്.എസിന്റെയും മതില്‍ പൊളിച്ചു. സ്‌കൂളുകളുടെ മതില്‍ പൊളിച്ചാണ് നവകേരള സദസ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. നവകേരള സദസ്സ് അശ്ലീല നാടകമാണെന്ന യു.ഡി.എഫ് ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഓരോ ദിവസത്തേയും സംഭവങ്ങള്‍.
തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ചിരിക്കുന്ന ബൂത്ത് ലെവല്‍ ഓഫിസര്‍മാരെയും നവകേരള സദസ്സിനുവേണ്ടി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ജി.എസ്.ടി, രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യാപകമായി പണപ്പിരിവ് നടത്തുകയാണ്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥനാണ് നികുതി നല്‍കേണ്ടവരില്‍നിന്ന് പണപ്പിരിവ് നടത്തിയത്. ഇതിനെതിരെ യു.ഡി.എഫ് കോടതിയെ സമീപിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.