കൊച്ചി: കുസാറ്റ് സർവകലാശാലയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം നൽകണമെന്ന് കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
‘സംഭവത്തിൽ അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാൻ അവർക്ക് ശക്തി ഉണ്ടാകട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ, അവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകണമെന്ന് ഞാൻ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു’, രാഹുൽ ഗാന്ധി കുറിച്ചു.
കുസാറ്റ് ഫെസ്റ്റിനിടെ ദുരന്തം: നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകളും സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ്, പാലക്കാട് മുണ്ടൂർ കോട്ടപള്ള സ്വദേശി ആൽവിൻ ജോസഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നാല് പേരും രണ്ടാം വർഷ വിദ്യാർത്ഥികളാണ്. അപകടത്തിൽ പരിക്കേറ്റ നാല് പെൺകുട്ടികളുടെ നില ഗുരുതരമെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ അറിയിച്ചു. ഇതിൽ രണ്ട് പേർ ആസ്റ്റർ മെഡിസിറ്റിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. രണ്ട് പേർ കളമശേരി മെഡിക്കൽ കോളേജിൽ ഐസിയുവിലാണ്. അപകടത്തിൽ 70ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.