കൊല്ലം: പൂയപ്പള്ളിയിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺകോൾ. ഇക്കുറി 10 ലക്ഷമാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
സ്ത്രീശബ്ദമാണ് സംസാരിക്കുന്നത്. കുട്ടി സുരക്ഷിതയാണ്. നിങ്ങൾ 10 ലക്ഷം അറേഞ്ച് ചെയ്തോളൂ. നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കാം എന്നാണ് പറഞ്ഞത്. കുട്ടിക്ക് അപകടം പറ്റാതിരിക്കണമെങ്കിൽ പൊലീസിൽ അറിയിക്കരുത് എന്ന് നിർദ്ദേശിക്കുന്നുമുണ്ട്. കാശ് ഇപ്പോൾ നൽകാം, ഇപ്പോൾ തന്നെ കുട്ടിയെ വിട്ടയയ്ക്കുമോ എന്ന ചോദ്യത്തിന് നാളെ നൽകാനാണ് ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് എന്നാണ് ഫോണിലൂടെ സ്ത്രീ മറുപടി നൽകുന്നത്.
‘സ്ത്രീ ധരിച്ചത് പച്ചയിൽ വെള്ള പുള്ളിയുള്ള ചുരിദാർ, കറുപ്പ് ഷാൾ’
ആദ്യം വിളിച്ചതും ഒരു സ്ത്രീ തന്നെയായിരുന്നു. അപ്പോൾ അഞ്ച് ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ആ വിളി വന്നത് പാരിപ്പള്ളിയിലെ ഒരു കടയുടമയുടെ ഫോണിൽ നിന്നായിരുന്നു. കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ സ്ത്രീയും പുരുഷനുമാണ് തന്റെ ഫോൺ വാങ്ങി വിളിച്ചതെന്ന് കടയുടമ പറഞ്ഞു. സ്ത്രീക്ക് 35 വയസ് പ്രായം പറയും. ചുരിദാറാണ് ധരിച്ചിരിക്കുന്നത്. ഷാൾ ഉപയോഗിച്ച് തല മറച്ചിട്ടുണ്ടായിരുന്നെന്നും കടയുടമ പറഞ്ഞിരുന്നു. പുരുഷന് 45 വയസോളം പ്രായമുണ്ട്. മൂന്ന് തേങ്ങയും ബിസ്കറ്റും റെസ്കും കേക്കും വാങ്ങി. ഓട്ടോയിലാണ് വന്നത്. ആദ്യം വന്ന് ബിസ്കറ്റുണ്ടോ എന്ന് ചോദിച്ചു. പിന്നീടാണ് മറ്റ് സാധനങ്ങൾ വാങ്ങിയതും ഫോണുമായി കടയിൽ നിന്ന് പുറത്തേക്ക് പോയി വിളിച്ച ശേഷം തിരികെ കൊണ്ടുവന്നെന്നും കടയുടമ പറഞ്ഞിരുന്നു.