തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കാൻ കെ.പി.സി.സി തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ റിപ്പോർട്ടർ ചാനലിൽ ചർച്ചാ പരിപാടികളിലേക്ക് പ്രതിനിധികളെ അയക്കില്ലെന്ന് കെ.പി.സി.സി അറിയിച്ചു.
2023 നവംബർ 29 ന് ചാനലിലെ “മീറ്റ് ദ എഡിറ്റേഴ്‌സ്” പരിപാടിയിൽ രാഹുൽ ഗാന്ധി എം.പിക്കെതിരെ നടത്തിയ പരാമർശങ്ങൾ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണ്. വിമർശനം ഉന്നയിക്കാനുള്ള അവകാശം എല്ലാവർക്കും ഉള്ളപ്പോൾ തന്നെ പരിപാടിയിൽ മാധ്യമപ്രവർത്തകൻ അല്ലാത്ത മുട്ടിൽ മരം വെട്ട് കേസ് പ്രതിയായ ചാനൽ ഉടമയെ ഉൾപ്പെടുത്തിയ പാനൽ നടത്തിയത് മാധ്യമപ്രവർത്തനത്തിന്‍റെ അന്തഃസ്സത്തക്കും മാധ്യമധർമ്മത്തിനും നിരക്കാത്തതാണ് -കെ.പി.സി.സി വ്യക്തമാക്കി.
ഏകപക്ഷീയമായി അവാസ്ഥവമായ കാര്യങ്ങൾ വ്യക്തിപരമായ വിദ്വേഷത്തോടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ഈ ചാനൽ ഉടമയ്ക്ക് ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കുവാനെന്നും കെ.പി.സി.സി അറിയിച്ചു.