Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കേരളത്തില്‍ സര്‍ക്കാര്‍ മദ്യം ഒഴുക്കുന്നു': കെസിബിസി

‘കേരളത്തില്‍ സര്‍ക്കാര്‍ മദ്യം ഒഴുക്കുന്നു’: കെസിബിസി

കോട്ടയം: സര്‍ക്കാരിന്‍റേത് പ്രകടനപത്രികയെ അട്ടിമറിച്ച മദ്യനയമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ആരോപിച്ചു. ഇതിനെ ചെറുത്തുതോല്‍പ്പിക്കും. മദ്യനയ മാറ്റത്തിലൂടെ ഇടതുപക്ഷം ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണ്. അധികാരത്തിലെത്തിയാല്‍ ഒരുതുള്ളി മദ്യം പോലും കൂടുതല്‍ അനുവദിക്കില്ലെന്നത് പാഴ് വാക്കായി. കേരളത്തില്‍ സര്‍ക്കാര്‍ മദ്യം ഒഴുക്കുന്നു. സര്‍ക്കാര്‍ മദ്യനയം തിരുത്തണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും അടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നായിരുന്നു ശബ്ദരേഖയിലെ സംഭാഷണം. സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളില്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയതായി തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയമാറ്റത്തില്‍ മുസ്ലിംലീഗ് സമരത്തിലേക്ക് പോകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി എം എ സലാം അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കി. പുറത്തുവന്ന ശബ്ദ രേഖയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ശബ്ദരേഖയിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും പരാതിയില്‍ പറയുന്നു. മദ്യനയത്തില്‍ ഇളവ് വരുത്താന്‍ പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവതരമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നേരത്തെ പ്രതികരിച്ചിരുന്നു. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരണമെന്നും പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എം ബി രാജേഷ് പറഞ്ഞിരുന്നു.

‘സര്‍ക്കാര്‍ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. മദ്യ നയത്തില്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കാം എന്നുപറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. വളരെ ശക്തമായ നടപടി അത്തരക്കാര്‍ക്കെതിരെ എടുക്കും. വെച്ചുപൊറുപ്പിക്കില്ല. ചര്‍ച്ച നടക്കുന്നതിന് മുമ്പ് തന്നെ വാര്‍ത്തകള്‍ വരുന്നുണ്ട്. ആ വാര്‍ത്തകള്‍ ഉപയോഗിച്ച് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടു’ക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments