Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജാതിയെ മറികടക്കാന്‍ ജാതിസെന്‍സസ് അനിവാര്യമെന്ന് കെ. രാജു, ദ്വിദിന ചരിത്ര കോണ്‍ഗ്രസ് തുടങ്ങി

ജാതിയെ മറികടക്കാന്‍ ജാതിസെന്‍സസ് അനിവാര്യമെന്ന് കെ. രാജു, ദ്വിദിന ചരിത്ര കോണ്‍ഗ്രസ് തുടങ്ങി

തിരുവനന്തപുരം: അയിത്തത്തിനെതിരേ വൈക്കം സത്യഗ്രഹം നടത്തുകയും 100വര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജാതി സെന്‍സന്‍സ് നടപ്പാക്കണം എന്ന പ്രമേയം പാസാക്കുകയും ചെയ്തപ്പോള്‍ മനുവി​െൻറയും മനുസ്മൃതിയുടെയും ആശയങ്ങളെയാണ് വെല്ലുവിളിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം കെ. രാജു. ജാതിയെ മറികടക്കാന്‍ ജാതിസംബന്ധമായ വ്യക്തമായ കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും ആവശ്യമാണ്. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി തിരുവനന്തപുരം, കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ടി കെ മാധവന്‍ നഗര്‍)സംഘടിപ്പിച്ച ദ്വിദിന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

അയിത്തത്തിനെതിരേ വൈക്കം സത്യഗ്രഹം നടക്കുന്നതിനിടയിലാണ് 1925 സെപ്റ്റംബര്‍ 27ന് നാഗ്പൂരില്‍ ഹെഗ്‌ഡെവര്‍ ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കാന്‍ രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍എസ്എസ്) ആരംഭിച്ചത്. എന്നാല്‍ മഹാത്മഗാന്ധി രൂപീകരിച്ച ഹരിജന്‍ സേവക് സംഘത്തിന്റെ ആറു നേതാക്കള്‍ രാജ്യവ്യാപകമായി സഞ്ചരിച്ച് അയിത്തോച്ചാടനത്തിനും ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. പൊതുടാങ്കില്‍ നിന്ന് വെള്ളം ഉപയോഗിക്കാന്‍ ഡോ ബിആര്‍ അംബേദ്ക്കര്‍ പ്രക്ഷോഭം നടത്തുകയായിരുന്നു. അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരേയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടങ്ങള്‍ക്ക് വൈക്കം സത്യഗ്രഹം ചാലകശക്തിയായിരുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ സത്യവും അസത്യവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കി. ചുറ്റും മനഃപൂര്‍വമായി സൃഷ്ടിച്ചെടുക്കുന്ന വസ്തുതകളാണുള്ളത്. അറിവിനേക്കാള്‍ പ്രധാനം വൈകാരിക വിഷയങ്ങള്‍ക്കാണ്. സാമൂഹ്യ രാഷ്ട്രീയജീവിതത്തിലുള്ളവര്‍ സത്യം, തെളിവ് തുടങ്ങിയവയ്ക്ക് യാതൊരു പ്രാമുഖ്യവും നല്കുന്നില്ല. നമ്മുടെ രാജ്യത്തിന്റെ ചരിത്രം, സാംസ്‌കാരിക വൈവിധ്യം എന്നിവയെല്ലാം തീവ്രവലതുപക്ഷ ഫാസിസ്റ്റ് ശക്തികളുടെ ആക്രമണം നേരിടുന്നു. വാട്‌സാപ്പ് സര്‍വകലാശാലയില്‍നിന്നു തെറ്റായ വിവരങ്ങളാണ് തുടര്‍ച്ചയായി നൽകുന്നത്. കോര്‍പറേറ്റുകള്‍ പ്രധാനപ്പെട്ട മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു. യഥാര്‍ത്ഥ വിവരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കാലഘട്ടം കൂടിയാണിതെന്ന് കെ. രാജു പറഞ്ഞു.

കൊടിയ ജാതി വിവേചനം താന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ എം.പി അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ എടക്കാട് അമ്പലത്തിനു മുന്നിലൂടെ സവര്‍ണര്‍ ഹോയ് ഹോയ് എന്നു വിളിച്ചു പോകുമ്പോള്‍ വഴിമാറി കൊടുക്കേണ്ടി വന്നു. കളിച്ചുകൊണ്ടിരുന്നപ്പോള്‍ ബാറ്റ് ഇട്ടേച്ചു പോകേണ്ടിയും വന്നു. ഒരിക്കല്‍ കൂട്ടുകാരനൊപ്പം അവന്റെ ഇല്ലത്തു പോയപ്പോള്‍ ഉമ്മറത്തുനിന്നാല്‍ മതിയെന്നു കാരണവര്‍ പറഞ്ഞതു കേട്ട് തലതാഴ്ത്തി ഇറങ്ങിപ്പോന്നിട്ടുണ്ട്. ഇങ്ങനെയൊരു ഭൂതകാലം കേരളത്തിനുണ്ടെന്ന് പുതിയ തലമുറയ്ക്ക് അറിയില്ല. നാം ഇപ്പോള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ആരിലൂടെയും ഏതിലൂടെയും എങ്ങനെയാണെന്നും കൈവന്നതെന്ന് പുതിയ തലമുറ അറിയേണ്ടതുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ആധുനിക കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റമാണ് വൈക്കം സത്യാഗ്രഹം. ജനാധിപത്യ കേരളത്തിന്റെ രൂപീകരണത്തില്‍ അതു നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ 100 വര്‍ഷം പിന്നിടുമ്പോഴും വൈക്കം സമരംപോലുള്ള നൂറുകണക്കിനു സമരങ്ങള്‍ നയിക്കേണ്ട സാഹചര്യങ്ങളാണ് നിലവിലുള്ളത്. വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ് വൈക്കത്ത് അരങ്ങേറിയതെങ്കില്‍ ജുഡീഷ്യറിയിലും സര്‍ക്കാര്‍ ജോലികളിലും മാധ്യമരംഗത്തും ഇന്നും ദളിത് പ്രാതിനിധ്യം മരീചികയാണ്. ജാതിഭേദവും മതദ്വേഷവും ശക്തിപ്രാപിക്കുന്നു. ഇവയെക്കുറിച്ചെല്ലാം ബോധവന്മാരാകാനും പരിഹാരമാര്‍ഗങ്ങള്‍ മനനം ചെയ്യാനും ചരിത്ര കോണ്‍ഗ്രസ് വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നു.

100 വര്‍ഷം മുമ്പ് രാജ്യത്ത് അയിത്തത്തിനെതിരേ നടന്ന ആദ്യത്തെ സംഘടിത സമരം, ഗാന്ധിജിയുടെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന ഐതിഹാസിക മുന്നേറ്റം, ശ്രീനാരായണ ഗുരുദേവന്‍, മന്നത്തുപത്മനാഭന്‍ തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഇടപെടലുണ്ടായ ചരിത്രസംഭവം, വിനോദ ഭാവെ, പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍, അകാലി നേതാവ് ലാലാ ലാല്‍ സിംഗ് തുടങ്ങിയ പ്രഗത്ഭരുടെ സജീവ സാന്നിധ്യം തുടങ്ങിയ പല കാരണങ്ങളാല്‍ കേരള ചരിത്രത്തിലേയും കോണ്‍ഗ്രസ് ചരിത്രത്തിലേയും സുവര്‍ണാധ്യായമാണ് വൈക്കം സത്യാഗ്രഹം. സഞ്ചാര സ്വാതന്ത്ര്യത്തിനും അയിത്തോച്ചാടനത്തിനും വേണ്ടി കോണ്‍ഗ്രസ് നേതാവ് ടി.കെ. മാധവന്‍ അവതരിപ്പിച്ച പ്രമേയം 1923 ഡിസംബറില്‍ ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ദേശീയ സമ്മേളനം പാസാക്കി. 1922 ജനുവരിയില്‍ കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി യോഗം അയിത്തോച്ചാടനത്തെ പ്രധാന കാര്യപരിപാടിയായി ഏറ്റെടുത്തു. 1924ല്‍ കൊല്ലത്തു ചേര്‍ന്ന കോണ്‍ഗ്രസ് അയിത്തോച്ചാടന കമ്മിറ്റി അയിത്തത്തെ കേരളത്തില്‍നിന്നു തൂത്തെറിയാന്‍ ന്യായവും സമാധാനപരവുമായ എല്ലാ ശ്രമങ്ങളും നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് 1924 മാര്‍ച്ച് 30ന് ആരംഭിച്ച് 1925 നവംബര്‍ 23 വരെ 603 ദിവസം നീണ്ട ഐതിഹാസികമായ വൈക്കം സത്യാഗ്രഹം നടന്നത്. അയിത്തത്തിനെതിരേ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സമരമായിരുന്നു അത്. നാനാജാതി മതസ്ഥരും തദ്ദേശിയരും വിദേശിയരുമായ ജനസഹ്രസങ്ങള്‍ സമരത്തില്‍ അണിനിരന്നു. ടി.കെ. മാധവന്‍, കെ.പി. കേശവമേനോന്‍, കെ. കേളപ്പന്‍ തുടങ്ങിയവര്‍ക്കായിരുന്നു സമര നേതൃത്വം.

603 ദിവസം നീണ്ട സത്യഗ്രഹം മഹാത്മഗാ്‌നധി മുന്‍കൈ എടുത്താണ് ഒത്തുതീര്‍പ്പായത്. അന്നത് സമ്പൂര്‍ണ വിജയത്തിലെത്തിയില്ലെങ്കിലും ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം 10 വര്‍ഷം കഴിഞ്ഞ് 1936ല്‍ പുറത്തുവന്നപ്പോള്‍ അതു വൈക്കം സത്യാഗ്രഹത്തിന്റെ വിജയം കൂടിയായി. തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ എല്ലാ സമുദായങ്ങള്‍ക്കുമായി തുറന്നിട്ടു. ആധുനിക കാലത്തിലെ അത്ഭുതം എന്നാണ് ഗാന്ധിജി ഇതിനെ വിശേഷിപ്പിച്ചത്. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ വിജയകരമായ പരീക്ഷണശാലയായും വൈക്കം ചരിത്രത്തില്‍ ഇടംപിടിച്ചു.

ഇരുപതാം നൂറ്റാണ്ടില്‍ വംശഹത്യ നടത്തിയ ഏകാധിപതികളെ ജനമനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ഗീബല്‍സിനെ പോലുള്ളവര്‍ നടത്തിയ പി.ആര്‍ വര്‍ക്കിന്റെ പുതിയരൂപമാണ് ആധുനിക കാലഘട്ടത്തില്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ലോകചരിത്രത്തെ കുറിച്ച് പുതുതലമുറയ്ക്കുള്ള അജ്ഞത കൊണ്ടാണ് അവര്‍ ഏകാധിപതികളെ ആരാധിക്കുന്നത്. രക്തരൂക്ഷിതമായ ചരിത്രത്തെ കുറിച്ചുള്ള പഠനം ജനാധിപത്യത്തിന്റെ ശക്തി നമുക്ക് ബോധ്യപ്പെടും. ഫാസിസത്തിന്റെയും കമ്യൂണസത്തിന്റെയും പേരിലാണ് കിരാതരായ ഭരണാധികാരികള്‍ മനുഷ്യരെ കൂട്ടക്കൊലചെയ്തതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

മഹാത്മാ ഗാന്ധിജിയേയും ജനഹര്‍ലാല്‍ നെഹ്റുവിനേയും നാം പഠിക്കുകയും അവര്‍ പകര്‍ന്ന് നല്‍കിയ ജനാധിപത്യബോധത്തെ തിരിച്ചറിയുകയും വേണം. പഠിച്ചാലും തീരാത്ത ലോകമാണ് ഗാന്ധിജിയും നെഹ്റുവും നമുക്ക് സമ്മാനിച്ചത്. ലോകചരിത്രത്തിന്റെ ഗതിവിഗതി മാറ്റിയത് സാമൂഹ്യ സാമ്പത്തിക അസമത്വമാണ്. ജാതിയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നൂറ് വര്‍ഷം മുന്നേ സവര്‍ണ്ണജാഥ സംഘടിപ്പിച്ച സംസ്ഥാനമാണ് കേരളം.എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ പാരമ്പര്യം. ആര്‍ എസ്എസ് ഉയര്‍ത്തുന്ന ഹൈന്ദവ പാരമ്പര്യമല്ല ഇന്ത്യയുടേതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെ.പി.സി.സി വൈസ് പ്രസിഡൻറ് എന്‍.ശക്തന്‍, രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, സുകുമാരന്‍ മൂലേക്കാട്, വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.പി.സജീന്ദ്രന്‍, കണ്‍വീനര്‍ എം.ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല എന്നിവര്‍ പ്രസംഗിച്ചു കേരളത്തനിമ വിളിച്ചോതുന്ന ഭരതനാട്യം,മോഹിനിയാട്ടം,കഥകളി, കളരിപ്പയറ്റ് തുടങ്ങിയവ ചരിത്രകോണ്‍ഗ്രസ് സമ്മേളനത്തെ വര്‍ണശബളമാക്കി. വൈക്കം സത്യാഗ്രഹ സമരചരിത്രത്തെ കുറിച്ച് ഗ്രന്ഥം എഴുതിയ ബി.എസ്.ബാലചന്ദ്രനെ ആദരിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com