ഡല്‍ഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന ബജറ്റ് നാളെ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്‍റില്‍ ഇന്ന് നയപ്രഖ്യാപന പ്രസംഗം നടത്തും.
രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ ആണ് നരേന്ദ്ര മോദി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരണത്തിന് പാർലമെൻ്റ് സമ്മേളിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ ദുസ്സഹമാക്കിയ ജനജീവിതത്തെ കൈപിടിച്ച് ഉയർത്താനുള്ള എന്തെല്ലാം ബജറ്റിൽ ഉണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടങ്ങളും കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള നയപ്രഖ്യാപനമാകും രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പാർലമെൻ്റിൽ നടത്തുക. അമൃത കാലത്തിൽ ഇന്ത്യ ,വികസിത രാജ്യമായി തീരുമെന്ന കാഴ്ചപ്പാടോടെയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
വികസനത്തിനും ക്ഷേമ പദ്ധതികൾക്കും ഒരുപോലെ പ്രാധാന്യം നൽകാനാണ് ബജറ്റിൽ ശ്രമമെങ്കിലും വൻകിട പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകാനിടയില്ല. മൂലധന നിക്ഷേപങ്ങൾ കുറച്ച് കൃഷി ആരോഗ്യം ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ നൽകുന്ന ബജറ്റ് ആകും വോട്ട് ഓൺ അക്കൗണ്ടായി നിർമല സീതാരാമൻ അവതരിപ്പിക്കുക. കഴിഞ്ഞ ശൈത്യകാല സമ്മേളനത്തിൽ പ്രതിഷേധിച്ചതിൻ്റെ പേരിലുണ്ടായിരുന്ന പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷൻ ഇന്നലെ പിൻവലിച്ചിരുന്നു. പ്രതിപക്ഷ സഹകരണം ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചിരുന്നെങ്കിലും വിലക്കയറ്റം ഉൾപ്പടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പ്രതിപക്ഷം ബജറ്റ് സമ്മേളനത്തിൽ ഉയർത്താനാണു സാധ്യത