ഒട്ടാവ: കാനഡയിൽ നാടുകടത്തിൽ ഭീഷണി നേരിടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം. വ്യാജ പ്രവേശന രേഖയുപയോഗിച്ച് വീസ നേടിയെത്തിയ ഇന്ത്യൻ വിദ്യാർഥികളെ ഉടനടി നാടുകടത്തില്ല. ഓരോ കേസും പരിശോധിക്കാൻ ടാസ്ക് ഫോഴ്സിനെ നിയമിച്ചതായും തട്ടിപ്പിന് ഇരയായവരെ സഹായിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി സിയാൻ ഫ്രേസർ ബുധനാഴ്ച പറഞ്ഞു. തട്ടിപ്പിന് ഇരയാക്കപ്പെട്ട വിദ്യാർഥികളെ രാജ്യത്തു തുടരാൻ അനുവദിക്കുമെന്നും എന്നാൽ തട്ടിപ്പിൽ പങ്കാളികളായവരെ നിയമനടപടികൾക്കു വിധേയമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
കാനഡയിലെ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന രേഖ വ്യാജമാണെന്നു കണ്ടെത്തിയതോടെ എഴുന്നൂറോളം ഇന്ത്യൻ വിദ്യാർഥികൾക്കു രാജ്യം വിടാനുള്ള കത്ത് കാനഡ ബോർഡർ സർവീസ് ഏജൻസി നേരത്തെ നൽകിയിരുന്നു. പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികളാണു ഇതിൽ ഭൂരിഭാഗവും. 2018 ലാണു ഇവരിൽ ഭൂരിഭാഗവും കാനഡയിൽ എത്തിയത്. കനേഡിയൻ പാർലമെന്റിലും വിഷയം ചർച്ചയായി. ഇരകളെ ശിക്ഷിക്കലല്ല, കുറ്റക്കാരെ കണ്ടെത്തുകയാണു തന്റെ ലക്ഷ്യമെന്നായിരുന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞത്.