ഒട്ടാവ: കാനഡയിൽ പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഒരു ആശ്വാസ വാർത്ത. കാനഡയിൽ ജോലി ചെയ്യുന്നവരുടേയും പഠിക്കുന്നവരുടേയും പങ്കാളികൾക്കായി ഓപ്പൺ വർക്ക് പെർമിറ്റ് പുതുക്കാനൊരുങ്ങുകയാണ് കനേഡിയൻ സർക്കാർ. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ജസ്റ്റിന്റ ട്രൂഡോ പടിയിറങ്ങിയതിന് പിന്നാലെയാണ് കനേഡിയൻ സർക്കാരിന്റെ പുതിയ നീക്കം.
ആയിരത്തിലധികം വരുന്ന ഇന്ത്യക്കാർക്ക് പുതിയ നീക്കം ആശ്വാസകരമാകും. ജനുവരി 21ന് പുതുക്കിയ ഓപ്പൺ വർക്ക് പെർമിറ്റിനായി യോഗ്യരായ വിദ്യാർത്ഥികളുടേയും വിദേശ തൊഴിലാളികളുടേയും പങ്കാളികൾക്ക് അപേക്ഷിക്കാം. ജോലിക്കായും പഠനത്തിനായും കാനഡിയിലെത്തുന്ന ഇന്ത്യക്കാർക്ക് ഈ പരിഷ്കരണം വളരെയധികം സഹായകരമാകും. നാച്ചുറൽ ആൻഡ് അപ്ലൈഡ് സയൻസ്, നിർമ്മാണ മേഖല, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, കായിക മേഖല എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾക്ക് ഓപ്പൺ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം.
കാനഡയിലെ TEER 1 തൊഴിലുകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ജീവിതപങ്കാളികൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. വർക്ക് പെർമിറ്റിൽ കുറഞ്ഞത് 16 മാസമെങ്കിലും ശേഷിക്കുന്ന വിദേശ തൊഴിലാളികളുടെ പങ്കാളികൾക്ക് മാത്രമേ ഓപ്പൺ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാൻ സാധിക്കുകയുളളു. കൂടാതെ ആശ്രിതരായ കുട്ടികൾക്കായി കനേഡിയൻ സർക്കാർ കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ നടപ്പിലാക്കും, അവർ ഇനി കുടുംബ OWP-കൾക്ക് യോഗ്യരല്ലെന്നും റിപ്പോർട്ടുണ്ട്. മുൻ നിയമപ്രകാരം താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് നിലവിലെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പുതുക്കലിന് അപേക്ഷിക്കുകയാണെങ്കിൽ ജോലിയിൽ തുടരാമെന്നും പറയുന്നു.
അതേസമയം ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ്, വിസ, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയ അവശ്യ രേഖകൾ വീണ്ടും സമർപ്പിക്കാൻ കാനഡ നേരത്തെ അറിയിച്ചിരുന്നു. സർക്കാർ വകുപ്പായ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് നിർണായക രേഖകൾ സമർപ്പിക്കാനുള്ള ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കാനഡയിലേക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ പദ്ധതി നിർത്തിവെച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി രാജ്യം രംഗത്തെത്തിയത്.