നഴ്‌സിങ് പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് അവസരമെരുക്കി കാനഡ. സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴിയാണ് നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. കാനഡയിലെ ന്യൂ ഫോണ്ട്‌ലാന്റ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യയിലുള്ള ആശുപത്രികളിലേക്കാണ് ജോലിയൊഴിവുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ കേരള സര്‍ക്കാരും ന്യൂ ഫോണ്ട്‌ലാന്റ് പ്രവിശ്യ സര്‍ക്കാരും തമ്മില്‍ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനത്തിന് വഴിയൊരുങ്ങുന്നത്. യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. രജിസ്‌റ്റേര്‍ഡ് നഴ്‌സ് ആയി ജോലി നേടുന്നതിനാവശ്യമായ ലൈസന്‍സുകള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഉദ്യോഗാര്‍ഥി വഹിക്കേണ്ടതാണ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഈ തുക റീലൊക്കേഷന്‍ പാക്കേജ് വഴി തിരികെ ലഭിക്കും.
യോഗ്യത
നഴ്‌സിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള രജിസ്‌റ്റേര്‍ഡ് നഴ്‌സുമാര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്.
2015ന് ശേഷം ബിരുദം പൂര്‍ത്തിയാക്കിയവരാവണം.
അപേക്ഷകര്‍ നാഷണല്‍ നഴ്‌സിങ് അസ്സസ്സ്‌മെന്റ് സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. അല്ലെങ്കില്‍ NCLEX പരീക്ഷ പാസായിരിക്കണം. (അഭിമുഖത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്നീട് ഈ യോഗ്യതകള്‍ നേടിയെടുക്കാനുള്ള അവസരമുണ്ടായിരിക്കും).
ഐ.ഇ.എല്‍.ടി.എസ് ജനറല്‍ സ്‌കോര്‍ 5 അഥവാ സി.ഇ.എല്‍.പി.ഐ.പി ജനറല്‍ സ്‌കോര്‍ 5 നേടിയിരിക്കണം.
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന തൊഴില്‍ മേഖലയാണ് ആരോഗ്യ മേഖല. കാനഡയിലും സ്ഥിതി വ്യത്യസ്ഥമല്ല. മേല്‍പറഞ്ഞ തസ്തികയില്‍ ജോലി നേടുന്നവര്‍ക്ക് മണിക്കൂറില്‍ 33 മുതല്‍ 41 കനേഡിയന്‍ ഡോളര്‍ വരെയാണ് ശമ്പളം (ഏകദേശം 2500 ഇന്ത്യന്‍ രൂപക്കടുത്ത്).
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സി.വി നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റില്‍ തയ്യാറാക്കേണ്ടതാണ്. ഇതില്‍ നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉണ്ടായിരുന്നതോ ആയ രണ്ട് പ്രൊഫഷണല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം.
ഹാജരാക്കേണ്ട രേഖകള്‍
ബി.എസ്.സി നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്,
നഴ്‌സിങ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്,
അക്കാഡമിക് ട്രാന്‍സ്‌ക്രിപ്റ്റ്,
പാസ്‌പോര്‍ട്ട്,
മോട്ടിവേഷന്‍ ലെറ്റര്‍,
മുന്‍ തൊഴില്‍ ദാതാവില്‍ നിന്നുമുള്ള റഫറന്‍സിന്റെ ലീഗലൈസ് ചെയ്ത കോപ്പി എന്നിവ നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.