ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച് എൻസിബി മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ സിബിഐ കേസെടുത്തു. കൈക്കൂലി കേസിലാണ് സിബിഐ നടപടി. വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.
2021-ൽ വിവാദമായ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വാങ്കഡെ. കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതും സമീർ വാങ്കഡെയായിരുന്നു. ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടെന്നാണ് സമീറിനെതിരെ ഉയർന്ന പരാതി. 25 കോടി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
സമീറിനെ കൂടാതെ എൻസിബി സൂപ്രണ്ട് ആയിരുന്ന വിശ്വ വിജയ് സിംഗ്, മുംബൈ സോണൽ യൂണിറ്റിലെ ഇന്റലിജൻസ് ഓഫീസർ ആശിഷ് രഞ്ജൻ എന്നിവർക്കെതിരെയും സിബിഐ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് മുംബൈ, ഡൽഹി, റാഞ്ചി, ലഖ്‌നൗ, ചെന്നൈ, ഗുവാഹത്തി തുടങ്ങി 29 ഇടങ്ങളിൽ റെയ്ഡ് നടത്തി.
റെയ്ഡിൽ 50 ലക്ഷം പിടിച്ചെടുത്തതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. കേസന്വേഷിക്കവേ എൻസിബി മുംബൈ സോണൽ മേധാവിക്കെതിരെ മുഖ്യ സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമീർ വാങ്ക്ടെയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ആര്യന് ഖാനെ കഴിഞ്ഞ മെയിൽ കേസിൽ നിന്ന് എൻസിബി ഒഴിവാക്കിയതാണ്.