മനോജ് ചന്ദനപ്പള്ളി
പത്തനംതിട്ട: ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ സമാപിച്ചു. ജനലക്ഷങ്ങൾ ഒന്നിച്ചു ചേർന്ന സാമുദായിക ഐക്യം വിളിച്ചോതുന്ന ഭക്തിനിർഭരമായ ചെമ്പെടുപ്പു റാസയോടെയാണ് എട്ടുദിനം നീണ്ടുനിന്ന പെരുന്നാൾ പരിപാടികൾക്ക് സമാപനമായത്.
പരമ്പരാഗതമായി നടന്നുവരുന്ന ആചാരത്തിന് ഇക്കുറിയും മേക്കാട്ടു തറവാട്ടിൽ നിന്നുള്ള ഇളം തലമുറയിലെ കുടുംബം എത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പതിനൊന്ന് പറ കൊള്ളുന്ന ചെമ്പുകളിൽ 150 പറയോളം അരി ആവി കൊള്ളിച്ചു എടുത്ത് ചെമ്പെടുപ്പിനായി ഒരുക്കി വച്ചു. വൈകിട്ട് നാലുമണിക്ക് വലിയപള്ളിയിൽ നിന്നും പ്രതിക്ഷണ റാസ പുറപ്പെട്ട് ചന്ദനപ്പള്ളി ജംഗ്ഷനിൽ എത്തി പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങി. പൊൻവള്ളി കുരിശും, നൂറു കണക്കിന് മുത്തുകുടകളും വാദ്യമേളങ്ങളും റാസക്ക് മിഴിവേകി.
തുടർന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാബാവാ അനുഗ്രഹ സന്ദേശം നൽകി. ഒരു വലിയ തീർത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയപള്ളി എന്നും ഈ ദേവാലയം എല്ലാവർക്കും ഒരു ആശ്രയ കേന്ദ്രമാണെന്നും സഭയുടെ അഭിമാനം ഉയർത്തുന്നതിൽ വലിയ പങ്കാണ് ഉള്ളതെന്നും, കരുതലിന്റെ വിശ്വസാഹോദര്യത്തിൻെറ സന്ദേശമാണ് ഈ പെരുന്നാൾ പകർന്ന് നൽകുന്നത് എന്നും ബാവാ തിരുമേനി പറഞ്ഞു.
ചലച്ചിത്ര നടൻ അരുൺ, പ്രശസ്ത സീരിയൽ നടൻ ജയൻ ചേർത്തല എന്നിവർ പ്രസംഗിച്ചു. രാവിലെ വിശുദ്ധ മൂന്നിൽ കുർബാനയ്ക്ക് അഭിവദ്യരായ
ഡോ. യൂഹാനോൻ മോർ ക്രിസോസ്ററമോസ്, മാത്യൂസ് മാർ തേവോദസിയോസ്, ഡോ. ഗീവർഗ്ഗീസ് മാർ തെയോഫിലോസ് എന്നീ തിരുമേനിമാർ മുഖ്യ കാർമ്മകത്വം വഹിച്ചു.
തീർഥാടക സംഗമം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓർഡർ ഓഫ് സെൻ്റ് ജോർജ്ജ് പുരസ്കാരം വിശ്വപ്രസിദ്ധ ചലച്ചിത്ര പ്രതിഭ അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ചു.ആധുനിക വിദ്യാഭ്യാസം ഉയർത്തിക്കൊണ്ടു വരുന്നതിൽ ക്രിസ്ത്യൻ സഭകൾക്ക് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത് എന്നും, ക്രിസ്തുമതം എന്നും തങ്ങളെ സ്വീകരിച്ച രാജ്യങ്ങളിൽ ആ സമൂഹത്തിൻറെ സംസ്കാരവുമായി ഇഴുകി ചേർന്നാണ് പ്രവർത്തിച്ചിട്ടുള്ളത് എന്നും അതുകൊണ്ടാണ് ക്രിസ്തുമതം വളരെ വേഗത്തിൽ പ്രചരിച്ചതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.25000രൂപയും പ്രശസ്തി പത്രവും സെൻ്റ് ജോർജിൻ്റെ ശിൽപവും അടങ്ങുന്ന അവാർഡ് മലങ്കര സഭയിലെ സീനിയർ മെത്രാപ്പോലീത്ത അഭി. കുറിയാക്കോസ് മാർ ക്ലീമിസ് അദ്ദേഹത്തിന് സമർപ്പിച്ചു.
കുറിയാക്കോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യുവജന പ്രസ്ഥാനത്തിൻ്റ് കാരുണ്യ പദ്ധിയായ ജോർജ്ജ്യൻ ഗ്രേഷ്യയുടെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എംപി നിർവഹിച്ചു. ചടങ്ങിൽ കേന്ദ്ര തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് മുൻ പി എസ് സി അംഗം ജിനു സഖറിയ ഉമ്മൻ പ്രകാശനം ചെയ്തു. മാത്യൂസ് മാർ തേവോദോസിയോസ്, സഭാ വൈദീക ട്രസ്റ്റി ഫാ. സജി അമയിൽ, സഭാ അത്മായ ട്രസ്റ്റി റോണി വർഗ്ഗീസ്, ഫാ.ജോൺസൺ കല്ലിട്ടതിൽ ,ഇടവക വികാരി ഫാ. ഷിജു ജോൺ , ഫാ. ജോo മാത്യു,ഡോ. ജോർജ്ജ് വർഗ്ഗീസ് കൊപ്പാറ, അഡ്വ അനിൽ പി വർഗ്ഗീസ്, ട്രസ്റ്റി റോയി വർഗ്ഗീസ്, സെക്രട്ടറി ബിജു ജോർജ്ജ്, അഡ്വ ബാബുജി കോശി, പ്രീത് ജി ജോർജ്ജ്, ഡീക്കൻ ഗീവർഗ്ഗീസ് പീറ്റർ,എം പി ഷാജി, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുൻ സെക്രട്ടറി കെ പി സാംകുട്ടി മെമ്മോറിയൽ അഖില മലങ്കര പ്രശ്നോത്തരി വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
വൈകിട്ട് 6ന് പകൽ റാസ ചെമ്പൻമൂട്ടിൽ എത്തി ചെമ്പിടുപ്പിന് തുടക്കം കുറിച്ചു. മുഖ്യകാർമികർ ഇരുചെമ്പുകളിലും സ്ലീബാ മുദ്ര ചാർത്യതിനുശേഷം സഹദാ ഭക്തർ ഭക്തർ ആർപ്പുവിളികളോട് ഇരു ചെമ്പുകളും തോളിൽ വഹിച്ച് കൽകുരിശിനു സമീപമുളള കുതിരപ്പുരയിലേക്ക് നീങ്ങി. ആർപ്പു വിളികളും സഹദാ ഗീതികളും വാനോളം ഉയർത്തി വിശ്വാസികൾ റാസക്ക് അംകബടി സേവിച്ചു. പാതകൾ നിറഞ്ഞ് നടക്കാൻപോലും കഴിയാത്ത വിധം വിശ്വാസികൾ സഹദായുടെ വിശ്വാസ പട്ടണത്തിൽ നിറഞ്ഞു കവിഞ്ഞിരുന്നു. കുതിരപ്പുരയിലേക്ക് ചെമ്പെടുപ്പു റാസ എത്തിയപ്പോൾ നാനാജാതി മതസ്ഥർ വെറ്റില എറിഞ്ഞു പ്രാർത്ഥനകലോടെ സ്വീകരിച്ചു. കൽ കുരിശിന് മൂന്നുപ്രാവശ്യം പ്രദർശനം ചെയ്ത് ഇരു ചെമ്പുകളും കുതിരപ്പുരയിൽ ഇറക്കി വച്ചു. തുടർന്ന് ഭക്തർക്ക് പ്രസാദമായി പാതി വേവിച്ച ചോറ് നൽകി. റാസക്ക് ഇടവക വൈദീകരും, സഭാ സ്ഥാനികളും, പെരുന്നാൾ കമ്മിറ്റിയും ചേർന്ന് നേതൃത്വം നൽകി.