ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോങ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ ചെന്നൈയിൽ ജാഗ്രതാ നിർദേശം. നിലവിൽ ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ അകലെയായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. മിഷോങ് നാളെ രാവിലെ തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് പുറപ്പെടുവിച്ചു. ചെന്നൈയിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു.
അതേസമയം, ചെന്നൈയിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി ഡാമുകളും ജലസംഭരണികളും നിറയുകയാണ്. ആറു ഡാമുകളുടെ ശേഷിയുടെ 98 ശതമാനം നിറഞ്ഞതായി ജലവകുപ്പ് അറിയിച്ചു. ദുരിതാശ്വാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചെന്നൈയിൽ അടിയന്തരയോഗം ചേർന്നു. റൺവേയിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിൽ, വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇവിടെനിന്നുള്ള പല വിമാനങ്ങളും റദ്ദാക്കി. വിമാനത്താവളം നാളെ രാവിലെ ഒൻപതു വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി സംസാരിച്ചു. കൂടുതൽ എൻഡിആർഎഫ് സംഘത്തെ അയയ്ക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. അതേസമയം, ചെന്നൈ വെള്ളപ്പൊക്കത്തിൽ ഇതുവരെ മരണം 5 ആയി. ചെന്നൈയിലെ മലയാളികൾക്കായി നോർക്ക ഹെൽപ് ലൈൻ തുറന്നു. ഹെൽപ് ലൈൻ നമ്പർ: 1. ഡോ. എ.വി അനൂപ് – 9176681818, 2. കെ.വി.വി.മോഹൻ – 9444054222, 3. എം.പി.അൻവർ – 9790578608, 4. ഷംസുദ്ദീൻ – 984